ന്യൂയോര്‍ക്ക്-രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് ബാധയിലൂടെ ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകമെമ്പാടും ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
കോവിഡ് എല്ലാ രാജ്യങ്ങളിലെ ജനങ്ങളേയും ഭീഷണിയിലാഴ്ത്തുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതത്തിന് സമീപ കാലത്തൊന്നും സമാനതകളില്ലെന്നും മാന്ദ്യത്തിലേക്ക് നയിക്കുകയാണെന്നും ഗുട്ടെറസ് പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെങ്കിലും വേഗത പോരെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരേയും ബാധിക്കുന്ന മഹാദുരന്തമായി കണ്ട് രാഷ്ട്രീയം മറന്നുളള യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, കൊറോണവൈറസ് മഹമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടന്നു. ചൊവ്വാഴ്ച മാത്രം യുഎസില്‍ 800 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി. ചൈനയില്‍ 3282 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കില്‍ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മൂന്നാമതാണ് അമേരിക്ക.
ലോകത്ത് 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലധികം പേരാണ്. ഇറ്റലിയില്‍ 837, സ്പെയിനില്‍ 748, ഫ്രാന്‍സില്‍ 499, യുകെയില്‍ 381 മരണങ്ങള് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെല്ലായിടത്തുമായി ആകെ രോഗബാധിതരുടെ എണ്ണം 8,57,000 ആകുകയും മരണം 42,000 കടക്കുകയും ചെയ്തു.
വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടില്‍ തന്നെ തുടരാനും അസുഖബാധിതര്‍ വൈദ്യസഹായം തേടാനും അദ്ദേഹം നിര്‍ദേശിച്ചു.






