വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ്.ഡി.പി.ഐ സഹായത്തോടെ സി.പി.എം തിരിച്ചുപിടിച്ചു

തിരുവനന്തപുരം- വെമ്പായം പഞ്ചായത്ത് ഭരണം എസ്.ഡി.പി.ഐയുടെ പിന്തുണയോടെ സി.പി.എം തിരിച്ചുപിടിച്ചു. നേരത്തെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിയും എസ്.ഡി.പിയും സി.പി.എം പഞ്ചായത്ത് പ്രസിഡന്റിനെപുറത്താക്കിയിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ അംഗം സി.പി.എം പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ഇതോടെയാണ് ഭരണം സി.പി.എമ്മിന് തിരികെ ലഭിച്ചത്. ബി.ജെ.പിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നേരത്തെ, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ബി.എസ് ചിത്രലേഖയ്ക്കെതിരെ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ പാസായിരുന്നു.  ഇരുപത്തിയൊന്നംഗ ഭരണസമിതിയില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് ബി.ജെ.പിഅംഗങ്ങളും ഒരു എസ.ഡി.പിഐ അംഗവും അവിശ്വാസത്തിനനുകൂലമായി വോട്ട് ചെയ്്തു. എല്‍.ഡി.എഫിന് 10അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമില്ലാതെയാണ് എല്‍.ഡി.എഫ് ഭരണം നടത്തിയിരുന്നത്. എസ്.ഡി.പി.ഐ പിന്തുണക്കുകയും ബി.ജെ.പി വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രസിഡന്റ് പദവി സി.പി.എമ്മിന് തന്നെ തിരികെ ലഭിച്ചു.
 

Latest News