വീടിനു പുറത്തിറങ്ങിയിട്ടില്ലെന്ന് വയനാട്ടിലെ പ്രവാസി; ജിയോ ഫെന്‍സിംഗ് ഉപയോഗപ്പെടുത്തും

കല്‍പറ്റ-നിരീക്ഷണത്തിലിരിക്കെ വീടിനു പുറത്തു സഞ്ചരിച്ചിട്ടില്ലെന്നു കൊറോണ രോഗി. കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച കമ്പളക്കാട് സ്വദേശിയാണ് ക്വാറന്റൈന്‍ ലംഘനം നടത്തിയിട്ടില്ലെന്ന് വാദിക്കുന്നത്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റും ഇതു ശരിവെക്കുന്നു. എന്നാല്‍  അബുദാബിയില്‍നിന്നെത്തിയ ഇദ്ദേഹം ക്വാറന്റൈന്‍ ലംഘനം നടത്തിയെന്നാണ് ജില്ലാ ഭരണകൂടത്തിനു ലഭിച്ച വിവരം. സത്യം  മനസ്സിലാക്കുന്നതിനു സൈബര്‍ സെല്ലിന്റെ ജിയോ ഫെന്‍സിംഗ് സംവിധാനം ഉപയോഗപ്പെടുത്തും.
അബുദാബിയില്‍നിന്നു കണ്ണൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ 16നു വീട്ടിലെത്തിയശേഷം പൊതുജനസമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നു രോഗി സമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ട സന്ദേശത്തില്‍ അവകാശപ്പെടുന്നു. വിമാനത്താവളത്തില്‍നിന്നു മകനും ഭാര്യാസഹോദരനും ഒപ്പമാണ് വയനാട്ടിലേക്കു പുറപ്പെട്ടത്. വരുന്നവഴി കൂളിവയലിലെ ബന്ധുവീട്ടില്‍നിന്നു ഭക്ഷണം കഴിച്ചു. തുടര്‍ന്നു വീട്ടിലെത്തി ആരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടാതെ കഴിഞ്ഞു. വീടിന്റെ ബാല്‍ക്കണിയില്‍നിന്നു വീണു പരിക്കേറ്റ മകനുമായി 25നു ഉച്ചകഴിഞ്ഞു കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പോയെങ്കിലും കാറിനു പുറത്തിറങ്ങിയില്ല. വിളിച്ചറിയിച്ചശേഷമാണ്  ആശുപത്രിയിലെത്തിയത്. മകന്റെ എക്‌സ്‌റേ എടുക്കുന്നതിനായി 26നു രാവിലെയും ആശുപത്രിയില്‍ പോയി.  അന്നുച്ചകഴിഞ്ഞ് ആശുപത്രി വളപ്പില്‍ ആംബുലന്‍സില്‍വച്ചാണ് സ്രവം പരിശോധനക്കെടുത്തത്. ഇതിനുശേഷം നേരേ വീട്ടിലേക്കു പോരുകയാണുണ്ടായത്. ഗള്‍ഫില്‍നിന്നു വന്നശേഷം മോസ്‌കുകളിലോ മാര്‍ക്കറ്റുകളിലോ പോയിട്ടില്ല. അയല്‍വാസികളുമായി സമ്പര്‍ക്കം ഉണ്ടായില്ല. മാതാവിനെപോലും നേരില്‍ക്കണ്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രോഗിയുടെ സന്ദേശത്തില്‍ പറയുന്നു.  അതിനിടെ, കമ്പളക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കിവരികയാണെന്നും കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും  ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Latest News