കുവൈത്ത്- ഏപ്രിലില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത നിയമവിരുദ്ധ താമസക്കാര്‍ക്ക് കടുത്ത ശിക്ഷയെന്ന് കുവൈത്ത്. പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ്. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടു പോകാത്തവര്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അനസ് അല്‍ സലേഹ് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലേക്ക് വിമാന സര്‍വീസ് റദ്ദാക്കിയ സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി തീരുന്നതിന് മുമ്പ് എങ്ങനെ നാട്ടിലെത്താന്‍ കഴിയുമെന്നതാണ് പ്രവാസികളുടെ ആശങ്ക.
കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ സര്‍ക്കാരിന്റ ചെലവില്‍ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ മുംബൈയിലെത്തിക്കാന്‍ നടത്തിയ ശ്രമം വിഫലമായി.
കൊറോണ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നാട് കടത്തുന്നവരുടെ കൊറോണ രോഗ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ വിമാനത്തിന് അനുമതി നല്‍കാന്‍ കഴിയില്ല എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെയാണ് ഈ ശ്രമം മുടങ്ങിയത്.
പ്രത്യേക വിമാനങ്ങള്‍ ഇന്ത്യയിലേക്കു പുറപ്പെടുന്നതിനുള്ള ക്രമീകരണങ്ങള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കി പുറപ്പെടുന്നതിനുള്ള അവസാന ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയില്‍ നിന്നുള്ള അന്തിമ തീരുമാനം കുവൈത്തിനെ അറിയിച്ചത്.
എന്നാല്‍ ഇതു സംബന്ധിച്ച നയതന്ത്ര തല ചര്‍ച്ചകള്‍ തുടരുന്നതായും നിബന്ധനകള്‍ അനുസരിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയുമാണ്.






