കര്‍ണാടകയില്‍ 1500 ലിറ്റര്‍ പാല്‍ കനാലില്‍ ഒഴുക്കി

ബല്‍ഗാവി-കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകര്‍  1500 ലിറ്ററിലേറെ പാല്‍ കനാലില്‍ ഒഴുക്കി. ചിക്കോഡിയിലെ പലബാവി ഗ്രാമത്തിലാണ് സംഭവം. ലോക്ഡൗണ്‍ കര്‍ശനമായതിനാല്‍ പാല്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മാര്‍ഗങ്ങളില്ല.

ഘട്ടപ്രഭ ജലസേചന കനാലില്‍ 50 കാന്‍ പാല്‍ ഒഴുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കോവിഡ് ലോക്ഡൗണ്‍ കാരണം കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. നേരത്തെ ലിറ്ററിന് 30 രൂപ നല്‍കിയിരുന്ന കമ്പനികള്‍ ഇപ്പോള്‍ ലിറ്ററിന് പത്ത് രൂപ മാത്രമാണ് നല്‍കുന്നത്.
ഇതേ തുടര്‍ന്ന് ഗ്രാമത്തില്‍ പാല്‍ ശേഖരിച്ചിരുന്ന കെ.എം.എഫ് യൂനിറ്റ് പാല്‍ വാങ്ങുന്നത് നിര്‍ത്തിയിരുന്നു. കെ.എം.എഫ് നല്‍കിയിരുന്ന വില പ്രകാരം കനാലില്‍ ഒഴുക്കിയ പാലിന് 50,000 രൂപ വിലവരും. സമീപത്തുള്ള ക്ഷീര കര്‍ഷകരില്‍നിന്ന് വാങ്ങുന്ന പാല്‍ സ്വകാര്യ കമ്പനിക്കാണ് കെ.എം.എഫ് വില്‍പന നടത്തിയിരുന്നത്. പശുവിന്‍ പാല്‍ ലിറ്റര്‍ 22 രൂപക്കും എരുമ പാല്‍ 32 രൂപക്കുമാണ് വാങ്ങിയിരുന്നത്. കമ്പനിക്ക് വില്‍ക്കുമ്പോള്‍ ലിറ്ററിന് മൂന്ന് രൂപയാണ് ലാഭം കിട്ടിയിരുന്നത്.

പത്ത് രൂപക്ക് പാല്‍ വില്‍ക്കുമ്പോള്‍ കനത്ത നഷ്ടമാണുണ്ടാകുകയെന്നും ഇതുകാരണമാണ് പാല്‍ കനാലില്‍ ഒഴുക്കാന്‍ യുവാക്കള്‍ തീരുമാനിച്ചതെന്നും പ്രാദേശിക സമതി അംഗങ്ങള്‍ പറഞ്ഞു.
കര്‍ണാടക പാല്‍ വാങ്ങുന്നത് നിര്‍ത്തിയത് കേരളത്തില്‍ മില്‍മയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാല്‍പൊടി നിര്‍മിക്കാനാണ് കര്‍ണാടക കമ്പനികള്‍ കേരളത്തില്‍നിന്ന് മില്‍മ പാല്‍ വാങ്ങിയിരുന്നത്.

 

Latest News