കോട്ടയം- സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡിലിറങ്ങിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ ഒരാള്‍ കൂടി അറസ്റ്റില്‍. ലോക്ഡൗണ്‍ നിര്‍ദേശങ്ങളെ മറികടന്ന് പായിപ്പാട് നടന്ന പ്രതിഷേധത്തില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബംഗാള്‍ സ്വദേശിയായ അന്‍വറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈലിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്നാണ് പോലീസിനു ലഭിച്ച വിവരം. ആദ്യം അറസ്റ്റിലായ മുഹമ്മദ് റിഞ്ജുവിനെതിരേയും സമാന കുറ്റമാണ് ചുമത്തിയിരുന്നത്.
ഗൂഢാലോചന നടത്തിയ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. പായിപ്പാട്ടെ ക്യാമ്പുകളിലെത്തി പോലീസ് കൂടുതല്‍ തെളിവെടുത്തിരുന്നു. കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
തൊഴിലാളികളുടെ പ്രശ്‌നങ്ങളറിയാന്‍ ഐജി ശ്രീജിത്ത് പായിപ്പാട് സന്ദർശിച്ചു. ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ തീരുന്നതുവരെ ആരും യാത്രചെയ്യരുതെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഐ.ജി കൂട്ടിച്ചേർത്തു.






