കൊറൊണ:  ഇന്ത്യയിലെ പത്ത് ഹോട്ട് സ്‌പോട്ടുകളില്‍  കാസര്‍കോടും പത്തനംതിട്ടയും 

ന്യൂദല്‍ഹി- ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടക്ക് കൊവിഡ് സ്ഥിരീകരിച്ചത് 227 പേര്‍ക്കാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 1251 ആയി ഉയര്‍ന്നു. ഇത് വരെ രാജ്യത്ത് 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 രാജ്യ വ്യാപകമായി  കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ രാജ്യത്തുടനീളം 10 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച 10 സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഹോട്ട്‌സ്‌പോട്ട് കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടും  കൊറോണ ഹോട്ട്‌സ്‌പോട്ട് പട്ടികയിലുണ്ട്.
ദില്‍ഷാദ് ഗാര്‍ഡന്‍, ദല്‍ഹി, നോയിഡ, മീററ്റ്, ഭില്‍വാര, അഹമ്മദാബാദ്, മുംബൈ, പൂനെ നിസാമുദ്ദീന്‍ എന്നിവയാണ് രാജ്യത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു സ്ഥലങ്ങള്‍.ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് രോഗ വ്യാപനം തടയുകയാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഈ മാസം 18ന് നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപമുള്ള പള്ളിയില്‍ ഒരു യോഗം നടന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടേറെയാളുകള്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കുകയും ചെയ്തു. ഏഴ് പേര്‍ ഇതിനോടകം തന്നെ മരണപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് നിസാമുദ്ദീന്‍ ഒരു ഹോട്ട്‌സ്‌പോട്ടായി മാറിയത്.


 

Latest News