കറാച്ചിയില്‍ ജമാഅത്ത് നിയന്ത്രണം ലംഘിച്ച ഇമാമുകളുടെ കേസ് ഒഴിവാക്കി

കറാച്ചി- കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളികളില്‍  ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ നടത്തിയ സംഭവത്തില്‍ ഇമാമുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സിന്ധ്  മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ നിര്‍ദേശം നല്‍കി.
വിവിധ മദ്ഹബുകളിലെ പണ്ഡിതന്മാരുടെ യോഗത്തിലാണ് എഫ്.ഐ.ആറുകള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചത്.
എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജമാഅത്ത് നമസ്‌കാരങ്ങള്‍ അഞ്ച് പേരില്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പള്ളി ഇമാമും മുഅദ്ദിനുമടക്കം അഞ്ച് പേര്‍ മാത്രമേ സംഘടിത നമസ്‌കാരത്തില്‍ പങ്കെടുക്കാവൂ എന്ന നിര്‍ദേശം ലംഘിച്ച ഇമാമുകള്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പണ്ഡിതന്മാര്‍ ആവശ്യപ്പെടുകയായിരുന്നു.

 

Latest News