ദോഹ- കൊറോണ വ്യാപനത്തിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വീകരിച്ച നടപടികള്‍ ലക്ഷക്കണക്കിനുവരുന്ന വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലും പ്രതിസന്ധിയിലുമാക്കി. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലേക്ക് നീങ്ങുന്നതിനു പുറമെ കോവിഡ് വെല്ലുവിളിയും നിലനില്‍ക്കുന്നു.
കോവിഡ് ജാഗ്രതയുടെ ഭാഗമായി എല്ലാ ഗള്‍ഫ് രാജ്യങ്ങളും പൂര്‍ണമായോ ഭാഗികമായോ അടച്ചിട്ട നിലയിലാണ്. ദശലക്ഷക്കണക്കിന് തൊഴിലാളികളാണ് അനിശ്ചിതത്വം നേരിടുന്നതെന്ന് എ.എഫ്.പി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളം പിടിച്ചുവെച്ച തൊഴിലുടമകള്‍ ജീവനക്കാരെ പിരിച്ചുവാനും നാടുകടത്താനുമുള്ള വഴികളാണ് തേടുന്നത്.

പത്ത് ദിവമായി അടച്ചിട്ടിരിക്കയാണെന്നും എപ്പോള്‍ ഇത് ശരിയാകുമെന്ന് അറിയില്ലെന്നും ഖത്തറില്‍ ജോലി ചെയ്യുന്ന 27 കാരനായ പാക്കിസ്ഥാനി എന്‍ജിനീയര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കുറച്ച് ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും അവശ്യവസ്തുക്കളുടെ ക്ഷാമം തന്നെയാണ് വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ തൊഴിലാളികളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദോഹയിലെ ഇന്‍ഡ്‌സട്രിയില്‍ ഏരിയയില്‍ പതിനായിരക്കണക്കിനു തൊഴിലാളികളെയാണ് നിരീക്ഷണത്തല്‍ പാര്‍പ്പിച്ചിരിക്കുന്നത്.
വേണ്ടത്ര ശുചിത്വമില്ലാത്ത ക്യാമ്പുകളിലാണ് ഗള്‍ഫില്‍ തൊഴിലാളികള്‍ കഴിയുന്നതെന്നും ആരോഗ്യ വെല്ലുവിളി നേരിടുകയാണെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കുന്നു.
തൊഴിലുടമകളുടെ അമിതാധികാരം ഉപയോഗിച്ച് നിലവില്‍തന്നെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നിതിനിടെയാണ് പുതിയ കോവിഡ് പ്രതിസന്ധിയെന്ന് മനുഷ്യാവകാശ സംഘടനയുടെ ഗള്‍ഫ് ഗവേഷക ഹിബ സായാദീന്‍ എ.എഫ്.പിയോട് പറഞ്ഞു.

ആരോഗ്യം സംബന്ധിച്ചും തൊഴില്‍ സുരക്ഷ സംബന്ധിച്ചും അത്യന്തം ആശങ്കയിലാണ് കഴിയുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ 3200 കോവിഡ് കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചത്.
സാമൂഹിക അകലം സാധ്യമല്ലാത്ത ലേബര്‍ ക്യാമ്പുകളിലാണ് തൊഴിലാളികളെ അടച്ചിട്ടിരിക്കുന്നതെന്ന് ആംനസ്റ്റി ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് നാടുകളിലുള്ള പ്രവാസി തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.






