കലാപത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി- 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തകര്‍ക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത് ആരാധനാലയങ്ങളുടെ പുനര്‍നിര്‍മ്മാണവും അറ്റക്കുറ്റപ്പണിയും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി സി പാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ ആരാധനായലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ പണം നല്‍കണമെന്ന ഗുജരാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി തള്ളി. 

ഹൈക്കോടതി ഉത്തരവിനെതിരെ ഗുജറാത്ത് സര്‍ക്കാരാണ് സുപ്രിം കോടതിയെ സമീപിച്ചത്. 2002-ല്‍ ഗോധ്രയില്‍ ട്രെയ്‌നിനു തീവച്ച സംഭവത്തെ തുടര്‍ന്നുണ്ടായ കാലപത്തിനിടെ 500-ലേറെ ആരാധനാലയങ്ങളാണ് കലാപകാരികളാല്‍ ആക്രമിക്കപ്പെട്ടത്. കലാപത്തിനിടെ ആരാധനലായങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാനും അതിനനുസരിച്ച് പുനര്‍നിര്‍മ്മാണത്തിനാവശ്യമായ പണം നല്‍കാനുമായിരുന്നു ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നത്. 

ഈ ഉത്തരവിനെതിരെ ബിജെപി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. നാശനഷ്ടങ്ങള്‍ സംഭവിച്ച ആരാധനാലയങ്ങള്‍ക്ക് നിശ്ചിത തുക സഹായമായി നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ഗുജറാത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. 

Latest News