കോഴിക്കോട്- കോവിഡ് വ്യാപനം നേരിടുന്നതിനായി ഏര്‍പ്പെടുത്തിയ അടച്ചിടലില്‍ ഗോവയില്‍ കുടുങ്ങിയ നൂറോളം മലയാളികള്‍ നാട്ടിലെത്താന്‍ സഹായം തേടുന്നു.
വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഗോവ എയര്‍പോര്‍ട്ട് ജീവനക്കാരും എയര്‍പോര്‍ട്ടില്‍ പരിശീലനത്തിനായി എത്തിയ വിദ്യാര്‍ഥികളും ഇവരില്‍ ഉള്‍പ്പെടുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഇവര്‍ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. കൂട്ടത്തില്‍ പെടാത്തവര്‍ ഗോവയില്‍ വേറെയും ഉണ്ടാകുമെന്നാണ് കരുതുന്നത്.
പല റൂമുകളിലായി കഴിയുന്ന ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ കിട്ടാതായിട്ടുണ്ട്. വിലക്കയറ്റമുണ്ടെന്നും ഇനി അരി വാങ്ങാന്‍ പോലും പണമില്ലെന്നും ഇവര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
പോലീസും സൈന്യവും നിയന്ത്രണം ഏറ്റെടുത്തതിനാല്‍ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞ ദിവസം പാലും റൊട്ടിയും വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ പോലീസ് മര്‍ദിച്ചതായും പറയുന്നു.
എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ സഹായിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. സംസ്ഥാന സര്‍ക്കാരിന്റേയും നോര്‍ക്കയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും നടപടികളില്ലെന്നും നീണ്ടു പോകുകയാണെന്നും ഇവര്‍ പറയുന്നു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടതിനാല്‍ ഇനി ഗോവയില്‍ തങ്ങുന്നതു കൊണ്ട് ഫലവുമില്ല.
ലോക്ഡൗണ്‍ എല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതിനാല്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം, താമസിക്കുന്ന കെടിടത്തിന് വാടക കൊടുക്കാനില്ലാതെയും ഭക്ഷണത്തിനു വകയില്ലാതെയും ദുരിതത്തിലായ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും നോര്‍ക്ക അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്.
കേരളത്തിനു പുറത്തുള്ളവരുടെ കാര്യങ്ങള്‍ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും അവരുടെ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും നോക്കിക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.






