കാസർകോട് ഏഴ് പേർക്ക് കൂടി കോവിഡ്; എല്ലാവരും ദുബായിൽനിന്നെത്തിയവർ

കാസർകോട് - ജില്ലയിൽ ഇന്നലെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ഏഴ് പേരും ദുബായിയിൽ നിന്നെത്തിയവർ. ഇതോടെ ജില്ലയിൽ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 89 ആയി ഉയർന്നു. 30 വയസ്സുള്ള നെല്ലിക്കുന്ന് സ്വദേശി, 25 വയസ്സുള്ള മൊഗ്രാൽ സ്വദേശി, 41 വയസ്സുള്ള ചെങ്കള സ്വദേശി
50, 43 വയസ്സുള്ള ചട്ടഞ്ചാൽ സ്വദേശികൾ, 28, 39 വയസ്സുള്ള മധൂർ സ്വദേശികൾ എന്നിവരാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചവർ. ദുബായിൽ നിന്നെത്തി വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞു വന്നവരാണ് ഇവരെല്ലാം. 
ഇന്നലെ പുതിയതായി 10 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇപ്പോൾ വീടുകളിലും ആശുപത്രികളിലുമായി നീരീക്ഷണത്തിൽ കഴിയുന്നത് 7050 പേരാണ്. വീടുകളിൽ 6923 പേരും ആശുപത്രികളിൽ 127 പേരും. ഇതുവരെ 650 സാമ്പിളുകളാണ് ജില്ലയിൽനിന്ന് പരിശോധനക്കയച്ചത്. ഇതിൽ 376 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. 192 പേരുടെ ഫലം ലഭ്യമാമാകാനുണ്ട്.
വാർഡ് തല ജാഗ്രതാ സമിതികൾ ഉർജ്ജിതപ്പെടുത്തി  ആരോഗ്യപ്രവർത്തകർ ആശ പ്രവർത്തകർ അടങ്ങുന്ന ടീം വീടുകളിൽ നീരിക്ഷണത്തിൽ കഴിയുന്നവർക്കു പനിയോ മറ്റു അസുഖങ്ങൾ ഉണ്ടോ എന്ന് നീരിക്ഷിക്കുകയും. ആവശ്യമായ നിർദേശവും സഹകരണവും ഉറപ്പാക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നുണ്ട്. ജാഗ്രതാസമിതികളുടെ സഹകരണത്തോടെ അതിഥി തൊഴിലാളികൾ, ഭക്ഷണം ലഭിക്കാത്ത വീട്ടുകാർ എന്നിവർക്ക് ഭക്ഷണം എത്തിച്ചു. 
മദ്യപാന ആസക്തി ഉള്ളവരിൽ വിടുതൽ രോഗലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സമീപിച്ചു ചികിത്സ തേടേണ്ടതാണെന്ന് അധികൃതർ അിറയിച്ചു. പ്രമേഹരോഗികൾ ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ആസ്ത്മ തുടങ്ങി ഗുരുതര അസുഖം ഉള്ളവർക്കു കോവിഡ് 19 ബാധിച്ചാൽ കൂടുതൽ സങ്കീർണമാകാൻ സാധ്യത ഉള്ളതിനാൽ ഇവർ വീടുകളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണം. 
ഗർഭിണികളും മുതിർന്നവരും കുട്ടികളും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾ വീടുകളിൽ നീരിക്ഷണത്തിൽ കഴിയുന്നവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതാണ്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണുകയാണെകിൽ മാത്രം ആശുപത്രിയെ സമീപിക്കുക.

 

Latest News