കൊച്ചി എയര്‍പോര്‍ട്ടില്‍ പരിശോധന നടത്തിയ ആരോഗ്യ പ്രവര്‍ത്തകന് കോവിഡ്; 30 പേര്‍ നിരീക്ഷണത്തില്‍

നെടുമ്പാശേരി- ആരോഗ്യ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തോടോപ്പം പ്രവര്‍ത്തിച്ച  30 ഓളം പേര്‍ നിരീക്ഷണത്തിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കാണ് പരിശോധനയില്‍ കോവിഡ് പോസിറ്റിവാണെന്ന്  വ്യക്തമായത്. ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
 രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടര്‍മാര്‍  അടക്കമുള്ള 60 അംഗ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘമാണ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്ന യാത്രക്കാരില്‍ കോവിഡ് പരിശോധന നടത്തിയിരുന്നത്. ഇതില്‍ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 30 അംഗ സംഘത്തെയാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ റണ്‍വേ റീകാര്‍പറ്റിങ് നടന്നു വന്നിരുന്നതിനാല്‍ രാത്രി മാത്രമായിരുന്നു വിമാനങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍ രണ്ട് ദിവസം മാത്രമാണ് വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ള ദിവസങ്ങളില്‍ ഇയാള്‍ എവിടെയെങ്കിലും യാത്ര ചെയ്തിരുന്നോയെന്നും വിമാനതാവളത്തില്‍ ഇയാള്‍ പരിശോധിച്ച യാത്രക്കാരെയും കണ്ടെത്തേണ്ടി വരും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

Latest News