അബുദാബി- അഞ്ചു മിനിറ്റിനകം കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനം അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ആരംഭിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്‌യാന്‍ സ്വയം പരിശോധനക്കു വിധേയനായി കേന്ദ്രം ഉദ്ഘാടനം ചെയ്തു. വാഹനമോടിച്ച് ഇവിടെ എത്തുന്നവരുടെ അടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി സ്രവം എടുക്കുകയാണ് ചെയ്യുക. വാഹനത്തില്‍നിന്ന് ഇറങ്ങേണ്ട ആവശ്യം വരുന്നില്ല. കോവിഡ് പരിശോധനയ്ക്കു ഡ്രൈവ് ത്രൂ സംവിധാനം ഏര്‍പ്പെടുത്തുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ.
രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ആഴ്ചയില്‍ എല്ലാ ദിവസവും കേന്ദ്രം പ്രവര്‍ത്തിക്കും. ദിവസേന 600 പേരുടെ സ്രവം പരിശോധിക്കാന്‍ സംവിധാനമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
ഒരേസമയം നാലു പേരുടെ സ്രവം പരിശോധിക്കാനുള്ള സംവിധാനമുണ്ട്.
പരിശോധനയ്ക്കു എത്തുന്നതിനു മുന്‍പ് 800 1717 ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യണം.
മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റു അസുഖങ്ങളുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്ക് പരിശോധന സൗജന്യമാണ്. സംശയ നിവാരണത്തിനായി കോവിഡ് പരിശോധനയ്ക്കു വരുന്നവര്‍ക്ക് 370 ദിര്‍ഹമാണ് ഫീസ്.






