ഗുബ്ബി- രാജ്യം കൊറോണ വൈറസിനെതിരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ ആളൊഴിഞ്ഞ റോഡില്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി പേരക്കുട്ടിയുമായി കളിച്ച് ഉല്ലസിക്കുന്ന ചിത്രം പുറത്തുവിട്ട ജെഡിഎസ് എംഎല്‍എ വെട്ടിലായി. ജെഡിഎസ് എംഎല്‍എ എസ് ആര് ശ്രീനിവാസന് ആണ് അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് റോഡില്‍ പേരക്കുട്ടിയുമായി കളിക്കാനിറങ്ങിയത്. പോലിസുകാര്‍ നോക്കിനില്‍ക്കെ എംഎല്‍എ ഓട്ടോമാറ്റിക് ടോയ്സ് കാറില്‍ കുട്ടിയെ ഇരുത്തി റിമോട്ട് ഉപയോഗിച്ച് ഓടിച്ചുരസിക്കുകയാണ്.
ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന് എതിരെ കടുത്ത വിമര്‍നമാണ് ഉയരുന്നത്. തുംകൂര്‍ ദേശീയപാതയില്‍ എസ്പി ഓഫീസിന് മുമ്പിലാണ് ഈ നിയമലംഘനം നടന്നത്. അതേസമയം കര്‍ണാടകയില്‍ മൂന്ന് പേരാണ് കോവിഡ് -19 ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ട ജനപ്രതിനിധി തന്നെ പരസ്യമായി നിയമലംഘനം നടത്തുന്നത് പോലിസ് നോക്കിനില്‍ക്കുകയാണ്. എംഎല്‍എക്ക് എതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്തെത്തി.