Sorry, you need to enable JavaScript to visit this website.

ഇറക്കുമതി കുറഞ്ഞു; പഴവർഗങ്ങളുടെ വില ഉയരുന്നു

റിയാദ് - വിദേശങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്ത് പഴവർഗങ്ങളുടെ വില ഉയരാൻ തുടങ്ങി. പഴവർഗങ്ങളുടെ വില ഇരട്ടിയോളം വർധിച്ചിട്ടുണ്ട്. ഓറഞ്ചിന്റെ വിലയാണ് ഏറ്റവുമധികം ഉയർന്നിരിക്കുന്നത്. ഒരു കാർട്ടൺ ഓറഞ്ചിന്റെ വില 25 റിയാലിൽ നിന്ന് 55 റിയാലായി ഉയർന്നിട്ടുണ്ട്. ഒരു കിലോ ചെറുനാരങ്ങയുടെ വില ഇരട്ടിയായി. അന്യായമായ വിലക്കയറ്റം തടയുന്നതിനു വാണിജ്യ മന്ത്രാലയം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ പരിശോധനകൾ നടത്തുന്നതിനും ചില വകുപ്പുകൾ ഇളവുകൾ നടപ്പാക്കിയതിനുമിടെയാണ് പഴവർഗങ്ങളുടെ വില ഉയരുന്നത്. പുതിയ സാഹചര്യത്തിൽ ഇറക്കുമതി വ്യാപാരികൾക്കു തുറമുഖ അതോറിറ്റി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ ഫീസില്ലാതെ തുറമുഖങ്ങളിൽ സൂക്ഷിക്കാവുന്ന കാലം അഞ്ചു ദിവസത്തിൽ നിന്നു പത്തു ദിവസമായി ദീർഘിപ്പിച്ചിട്ടുണ്ട്. ചരക്കു ലോറികൾക്ക് നഗരങ്ങളിൽ പ്രവേശിക്കാവുന്ന സമയം ട്രാഫിക് ഡയറക്ടറേറ്റും ദീർഘിപ്പിച്ചിട്ടുണ്ട്. 
കൊറോണ വ്യാപനം തടയുന്നതിനു ബാധകമാക്കിയ മുൻകരുതലുകൾ ഇറക്കുമതിയെ ബാധിച്ചതായി പ്രമുഖ ഇറക്കുമതി വ്യാപാരി സൈഫുല്ല അൽശർബത്‌ലി പറഞ്ഞു. ചരക്കു ലോറികൾ തുറമുഖങ്ങളിൽ പത്തു ദിവസത്തിലേറെ കാത്തുകിടക്കേണ്ടി വരുന്നുണ്ട്. ഇത് ഇറക്കുമതിയെ ബാധിച്ചു. ഇറക്കുമതി 20 മുതൽ 25 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. പഴവർഗങ്ങളുടെ വില 50 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. ഇതിൽ കൂടുതലുള്ള വിലക്കയറ്റത്തിന് ഉത്തരവാദികൾ മൊത്ത, ചില്ലറ വ്യാപാരികളാണ്. പഴവർഗങ്ങളുടെ വില 100 ശതമാനം വരെ ഉയർന്നിട്ടുണ്ട് എന്ന വാദത്തോട് യോജിപ്പില്ല. 
ഇറക്കുമതി ചരക്കുകളുടെ ക്ലിയറൻസ് നടപടികൾ കസ്റ്റംസ് കൂടുതൽ വേഗത്തിലാക്കണം. കൊറോണ വ്യാപന ഉറവിടങ്ങളിൽ പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും ഉൽപാദനത്തെ ബാധിച്ചിട്ടില്ല. ഉൽപന്നങ്ങളുടെ കാലാവധിയും വിലയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. വെളുത്തുള്ളി ഒരു വർഷത്തിലേറെ കാലം സൂക്ഷിച്ചുവെക്കാൻ കഴിയും. എന്നാൽ ഓറഞ്ച് ഒരു മാസം മുതൽ രണ്ടു മാസം വരെ മാത്രമേ കേടാകാതെ സൂക്ഷിച്ചുവെക്കാൻ സാധിക്കുകയുള്ളൂവെന്നും സൈഫുല്ല അൽശർബത്‌ലി പറഞ്ഞു. സൗദി അറേബ്യ പ്രതിവർഷം 800 കോടി റിയാലിന്റെ പഴവർഗങ്ങളും പച്ചക്കറികളും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. വർഷത്തിൽ 30 ലക്ഷം ടൺ പഴവർഗങ്ങളും 50 ലക്ഷം ടൺ പച്ചക്കറികളും സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി കുറക്കുന്നതിനും പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും വിവിധ പദ്ധതികളിലൂടെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ശ്രമിച്ചുവരികയാണ്.
 

Tags

Latest News