Sorry, you need to enable JavaScript to visit this website.

മിഡില്‍ ഈസ്റ്റില്‍ വിമാന കമ്പനികള്‍ പ്രതീക്ഷിക്കുന്ന നഷ്ടം 1900 കോടി ഡോളര്‍

ദുബായ്- കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന വിമാന കമ്പനികള്‍ വന്‍ പ്രതിസന്ധിയിലേക്ക്. നേരത്തെ തന്നെ വലിയ ലാഭത്തിലല്ലാത്ത മധ്യപൗരസ്ത്യ ദേശത്തെ വിമാന കമ്പനികള്‍ സര്‍ക്കാരുകളുടെ അടിയന്തര സഹായം ആവശ്യപ്പെട്ടിരിക്കയാണ്. മിഡില്‍ ഈസ്റ്റ് വിമാന കമ്പനികള്‍ നേരത്തെ തന്നെ വരുമാന മാന്ദ്യം നേരിടുന്നുണ്ട്.
1,300 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന മിഡില്‍ ഈസ്റ്റില്‍ വിമാന കമ്പനികളുടെ വരുമാനം ഈ വര്‍ഷം 1900 കോടി ഡോളര്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അയാട്ട കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം ഇടിവാണിത്.
പതിനായിരക്കണക്കിന് യാത്രക്കാരെ നഷ്ടമാകുന്ന മേഖലയില്‍ എട്ട് ലക്ഷത്തോളം ജോലിയെ ബാധിക്കുമെന്നും അയാട്ട ചൂണ്ടിക്കാണിക്കുന്നു.  
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി  വിമാനത്താവളങ്ങള്‍ അടക്കുന്നതിനും വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നതിനും അധികൃതര്‍ കര്‍ശന നപടികളാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ വിമാന കമ്പനികളുടെ നിലനില്‍പും ഭാവിയും അപകടത്തിലാകുമെന്ന് അറബ് എയര്‍ കാരിയേഴ്‌സ് ഓര്‍ഗനൈസേഷനും (എ.എ.സി.ഒ) ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും (അയാട്ട) മുന്നറിയിപ്പ് നല്‍കുന്നു.
എയര്‍ലൈന്‍ വ്യവസായം അതിന്റെ ഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ മഹാദുരന്തമാണ് നേരിടുന്നതെന്നും അയാട്ട മേധാവി അലക്‌സാണ്ടര്‍ ഡി. ജൂനിയാക്  പറഞ്ഞു. മിഡില്‍ ഈസ്റ്റ് വിമാനക്കമ്പനികള്‍ അതതു സര്‍ക്കാരുകളില്‍നിന്ന് സഹായം സ്വീകരിക്കുന്നതിനെ അന്താരാഷ്ട്ര വിമാന കമ്പനികള്‍ നേരത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. വിപണിയില്‍ സ്വതന്ത്ര മത്സരത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. പക്ഷേ, കോവിഡ് 19 വ്യാപനം മിക്ക വിമാനങ്ങളേയും താഴെ ഇറക്കിയിരിക്കെ, കമ്പനികള്‍ക്ക് പ്രതിസന്ധി മറികടക്കാന്‍ സഹായം അനിവാര്യമായിരിക്കുന്നു.
എന്നാല്‍ ഇതേസമയം തന്നെയാണ് എണ്ണ വില ഇടിഞ്ഞത് ഗള്‍ഫ് സമ്പദ് ഘടനകള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുന്നത്. എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ റഷ്യയും സൗദി അറേബ്യയും തമ്മില്‍ വില മത്സരവും തുടരുകയാണ്. എണ്ണ വിലയിടിവ് മേഖലയിലെ സമ്പദ്ഘടനയെ 1.7 ശതമാനം ചരുക്കിയെന്നും നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വരുമാനത്തെ ബാധിച്ചത് ഈ രാഷ്ട്രങ്ങളിലെ ദേശീയ വിമാനക്കമ്പനികള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള സാധ്യതയും പരിമിതപ്പെടുത്തി.
നികുതി ഇളവ്, ഫീസ്, നിരക്കുകള്‍ എന്നിവ ഒഴിവാക്കല്‍, വൈറസുമായി ബന്ധപ്പെട്ട പുതിയ ചെലവുകള്‍ക്ക് സഹായം എന്നിവ ഉള്‍പ്പെടെയുള്ള പിന്തുണാ പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നാണ് 30 ഓളം പൊതു, സ്വകാര്യ വിമാന കമ്പനികളെ പ്രതിനിധീകരിക്കുന്ന എ.എ.സി.ഒ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഇത് ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നുമാണ്  എ.എ.സി.ഒ ചൂണ്ടിക്കാണിക്കുന്നത്. നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍
കൊറോണ പ്രതിസന്ധി അകന്ന ശേഷവും കമ്പനികള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നും ഇത് യാത്രക്കാരെ ബാധിക്കുമെന്നും എ.എ.സി.ഒ പ്രസ്താവനയില്‍ പറയുന്നു.

 

Latest News