കുടുംബശ്രീ മിഷന്‍ തുണയായി; പട്ടിണിയിലേക്കു വഴുതാതെ ആദിവാസി ഊരുകള്‍

സാമൂഹിക അടുക്കളയില്‍ പാചകം ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍.

കല്‍പറ്റ-കടുംബശ്രീ ജില്ലാ മിഷന്‍ ആരംഭിച്ച പട്ടിഗവര്‍ഗ സാമൂഹിക അടുക്കളകള്‍ ആദിവാസി സമൂഹത്തിനു ആശ്വാസമായി. വേലയും കൂലിയുമില്ലാതെ വിഷമിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കു സമൂഹിക അടുക്കളയില്‍നിന്നു ദിവസം ഒരു നേരമാണ്  സൗജന്യമായി ചോറും കറികളും ലഭിക്കുന്നത്. ഇതു കുടുംബങ്ങള്‍ പട്ടിണിയുടെ പിടിയിലമരുന്നതു ഒഴിവാകുന്നതിനു സഹായകമായി.


ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുടുംബശ്രീ മിഷനു കീഴില്‍ 147 പട്ടികവര്‍ഗ സമൂഹിക അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്. ആറായിരത്തോളം പേര്‍ക്കാണ് ഇവിടങ്ങൡ ഭക്ഷണ വിതരണം. ഇതര സംസ്ഥാനങ്ങളില്‍ ജോലിക്കുപോയതില്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  തിരിച്ചെത്തിയ ആദിവാസികള്‍ക്കായി തിരുനെല്ലി, കണിയാമ്പറ്റ, നൂല്‍പ്പുഴ പഞ്ചായത്തുകളിലും കുടുംബശ്രീ സാമൂഹിക അടുക്കള ആരംഭിച്ചതായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സാജിത പറഞ്ഞു. ഈ പഞ്ചായത്തുകളില്‍  ഇതര സംസ്ഥാനങ്ങളില്‍നിന്നു തിരിച്ചെത്തിയ 510 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.


തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ മിഷന്‍ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ സാമൂഹിക അടുക്കള പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്നു ഹോട്ടലുകളും മെസ് ഹൗസുകളും തട്ടുകടകളും  അടച്ചതോടെ ഭക്ഷണത്തിനു മാര്‍ഗം അടഞ്ഞവര്‍, തെരുവില്‍ കഴിയുന്നവര്‍, കോവിഡ്-19 വ്യാപനം തടയുന്നതിനു ഫീല്‍ഡുതലത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കുടുങ്ങുന്നവര്‍  തുടങ്ങിയവര്‍ക്കായാണ് സമൂഹിക അടുക്കളകളുടെ പ്രവര്‍ത്തനം. പുല്‍പള്ളി, പനമരം, അമ്പലവയല്‍, മീനങ്ങാടി, മൂപ്പൈനാട്, മേപ്പാടി, മുട്ടില്‍, കോട്ടത്തറ, തരിയോട്, വൈത്തിരി പഞ്ചായത്തുകളിലും കല്‍പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികളിലുമാണ് സമൂഹിക അടുക്കളകള്‍. ഇവിടങ്ങളില്‍ തയാറാക്കുന്ന ഭക്ഷണം തദ്ദേശസ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത വോളണ്ടിയര്‍മാര്‍ മുഖേനയാണ് ഗുണഭോക്താക്കളില്‍ എത്തിക്കുന്നത്. സാമൂഹിക അടുക്കളകളിലേക്കു ആവശ്യമായ അരിയും മറ്റു സാധനങ്ങളും പഞ്ചായത്ത് ലഭ്യമാക്കും. ഭക്ഷണം ആവശ്യമുള്ളവര്‍ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷരുമായോ വാര്‍ഡ് മെംബര്‍മാരുമായോ ബന്ധപ്പെടണം. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് സാമൂഹിക അടുക്കളകളില്‍ പാചകം. ഏഴു പേര്‍ക്കു ഒരു കിലോ എന്ന തോതിലാണ് അരിയിടുന്നത്. ഗുണഭോക്താക്കള്‍ക്കു അടുക്കളയില്‍നിന്നു നേരിട്ടു ഭക്ഷണം നല്‍കില്ല. പണം ഉണ്ടായിട്ടും ഭക്ഷണം വാങ്ങാന്‍ കഴിയാത്തവര്‍ക്കു  20 രൂപയ്ക്കും തെരുവുനിവാസികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്കു സൗജന്യമായുമാണ് ഭക്ഷണം എത്തിക്കുന്നത്. കൊറോണ കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍, കോവിഡ്-19 ചികിത്സാകേന്ദ്രമായി മാറ്റിയ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലും നിരീക്ഷണത്തിലുമുള്ളവര്‍ എന്നിവര്‍ക്കും സമൂഹിക അടുക്കളകളില്‍നിന്നു ഭക്ഷണം എത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയില്‍ 40 പേര്‍ക്കുള്ള ഭക്ഷണമാണ് ലഭ്യമാക്കുന്നത്.
സമൂഹിക അടക്കളകളിലേക്കു ആവശ്യമായ സാധനങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് തദ്ദേശസ്ഥാപനങ്ങള്‍ പ്രധാനമായും കണ്ടെത്തുന്നത്. വിഭവങ്ങള്‍ വാങ്ങുന്നതിനു സ്‌പോണ്‍സര്‍മാരില്‍നിന്നു തദ്ദേസസ്ഥാപന സെക്രട്ടറിമാര്‍ മുഖേന പണവും സ്വീകരിക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന വിഭവങ്ങള്‍ സൂക്ഷിക്കാന്‍ പ്രളയകാലത്തേതുപോലെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് തദ്ദേശസ്ഥാപനങ്ങള്‍. താലുക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും സമൂഹിക അടുക്കള ആരംഭിക്കാന്‍ കുടുംബശ്രീ മിഷനു ആലോചനയുണ്ടെന്നു കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

 

 

 

Latest News