Sorry, you need to enable JavaScript to visit this website.

കൊറോണ പ്രതിരോധവും ഭക്ഷണവും

ലോകത്തെ കീഴടക്കി പടരുന്ന ഒന്നാണ് കൊറോണ വൈറസ്. ഇതിനു മുമ്പും ഇത്തരത്തിലുള്ള വൈറസ് ലോകത്ത് ഉണ്ടായിട്ടുണ്ട്. കോവിഡ്19 എന്ന പേരിട്ടിരിക്കുന്ന ഈ രോഗത്തിന് നിലവിൽ ചികിത്സയില്ല. പ്രതിരോധമാണ് ഏറ്റവും മികച്ച മാർഗം. ശക്തമായ  രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ ഏതു രോഗത്തെയും നേരിടാൻ സാധിക്കും. ചില പ്രതിരോധ മാർഗങ്ങളാണ് താഴെ നിർദേശിക്കുന്നത്.

വ്യക്തിശുചിത്വം ശീലമാക്കുക

  •   ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തുക വഴി ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുവാൻ സാധിക്കും.
  •   രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. 
  •   ആഹാരം സമീകൃതവും എളുപ്പം ദഹിക്കുന്നതും ആകണം
  •    ഭക്ഷണത്തിൽ ധാരാളം  പച്ചക്കറികളും പഴങ്ങളും പുളിപ്പിച്ച ഭക്ഷണങ്ങളും ഉൾപ്പെടുത്തുക.
  •   എ, സി, ഡി  വിറ്റാമിനുകൾ, ധാതുലവണങ്ങളായ സെലേനിയം, സിങ്ക്  അടങ്ങിയ  ഭക്ഷണങ്ങൾ എന്നിവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
  •   പല നിറങ്ങളിലുള്ള പച്ചക്കറികളായ കാരറ്റ്, ബീറ്റ്‌റൂട്ട്, മത്തൻ, തക്കാളി, ഇലക്കറികൾ, പഴവർഗങ്ങളായ നേന്ത്രപ്പഴം, ഓറഞ്ച്, മുസംബി, പേരക്ക, പപ്പായ, സ്‌ട്രോബെറി, ഉറുമാമ്പഴം മുതലായവയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിട്ടുണ്ട്
  •   വിറ്റാമിൻ ഡിയുടെ അഭാവം രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നു. അതിനാൽ  മിതമായ തോതിൽ സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. ഭക്ഷണത്തിൽ മീൻ, പാൽ, മുട്ടയുടെ മഞ്ഞ, കരൾ  എന്നിവ ഉൾപ്പെടുത്തുക.
  •   ഓറഞ്ച്, മുസംബി, ചെറുനാരങ്ങ, മുന്തിരി, നെല്ലിക്ക എന്നിവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
  •   സിങ്ക് ധാരാളം അടങ്ങിയ സീഡുകളായ സൺപ്ലവർ സീഡ്, കരിഞ്ചീരകം, കാഷ്യൂ നട്‌സ്, ബദാം, വാൾ നട്‌സ് എന്നിവ ഉൾപ്പെടുത്തുക.
  •   പ്രോബയോട്ടിക്‌സുകളായ തൈര്, മോര്, ഈസ്റ്റ്  ചേർത്ത അപ്പം, ദോശ, ഇഡലി  എന്നിവ ഉൾപ്പെടുത്തുക.
  •   പ്രോബയോട്ടിക്‌സുകൾ വയറ്റിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. അതുവഴി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. 
  •   ദിവസവും 3 മുതൽ 4 ലിറ്റർ വെള്ളം കുടിക്കുക. ഇത് ശരീരത്തിന്റെ നിർജലീകരണം തടയുകയും ടോക്‌സിനുകൾ ഒഴിവാക്കുകയും ചെയ്യുന്നു.
  •  നാരങ്ങാ വെള്ളം, മോര്, കരിക്കിൻ വെള്ളം, ഇഞ്ചി ചേർത്ത വെള്ളം   എന്നിവ  ഉൾപ്പെടുത്തുക.
  •  പ്രോട്ടീൻ  ധാരാളം അടങ്ങിയ പാൽ, മുട്ടയുടെ വെള്ള, പയർവർഗങ്ങൾ, നട്‌സുകൾ,  മൽസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
  •   ദിവസവും 6-7 മണിക്കൂർ ഉറങ്ങുന്നത് മാനസിക പിരിമുറുക്കം കുറക്കുന്നതും വഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  •   പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ, അമിത മധുരമുള്ളതും ഉപ്പും അടങ്ങിയ പാനീയങ്ങൾ  എന്നിവ   ഒഴിവാക്കുക.
  •   മദ്യപാനം, പുകവലി, പുകയില ഉൽപന്നങ്ങൾ എന്നിവ പൂർണമായും വർജിക്കുക.
  •   ദിവസവും അര മണിക്കൂർ വ്യായാമം ചെയ്യുന്നത് വഴി ശരീര ഭാരം നിലനിർത്തുവാനും രോഗ പ്രതിരോധ ശേഷി കൂട്ടുവാനും സാധിക്കും.
  •   ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈ നല്ലവണ്ണം സോപ്പ് ഉപയോഗിച്ചു കഴുകുക.
  •   പാകം ചെയ്തു കഴിക്കുന്ന ഭക്ഷണങ്ങളും അല്ലാത്തവയും വെവ്വേറെ ഉപയോഗിക്കുക. 
  •   പ്രായമേറിയവരിലും, പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ രോഗമുള്ളവരിലും കൊറോണ വൈറസ് സങ്കീർണമാകാൻ സാധ്യതയുണ്ട്. ഈ അസുഖങ്ങൾ ഉള്ളവർ  അവരുടെ ഷുഗർ, ബ്ലഡ്  പ്രഷർ എന്നിവ  നിയന്ത്രണ നിലയിൽ നിലനിർത്തുക.
  •   ഓരോരുത്തരുടെയും ശാരീരിക നില അനുസരിച്ചാകണം ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്.

കോവിഡ് 19  ഉൾപ്പെടെയുള്ള വൈറസുകളെ  നാം പ്രതിരോധിച്ചേ മതിയാകൂ. അതിനായി ആരോഗ്യമുള്ള ശരീരവും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം കാത്തു സൂക്ഷിക്കുക.  

(കോഴിക്കോട് ഇഖ്‌റഅ് ഇന്റർനാഷണൽ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെ സീനിയർ ഡയറ്റിഷ്യനാണ് ലേഖിക)
 

Latest News