കര്‍ണടകയില്‍ കോവിഡ് മരണം മൂന്നായി; കേരളത്തില്‍വന്ന കുഞ്ഞിനും രോഗബാധ

ബംഗളൂരു- കര്‍ണാടകയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂര്‍ ജില്ലിലെ സിറ സ്വദേശിയായ 65കാരനാണ് ഇന്ന് രാവിലെ മരിച്ചതെന്ന് ഡിസ്ട്രിക്ട് കമ്മീഷണര്‍ കെ. രാജേഷ് കുമാര്‍ അറിയിച്ചു. രാവിലെ 10.45 ഓടെയായിരുന്നു മരണം. മരിച്ചയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല. ദല്‍ഹിയിലെ ജാമിയ മസ്ജിദില്‍ ഇദ്ദേഹം തങ്ങിയിരുന്നെന്നും മാര്‍ച്ച് 11നാണ് ബംഗളൂരുവിലേക്ക് തിരിച്ചെത്തിയതെന്നുമാണ് വിവരം.

ട്രെയിനിലാണ് ദല്‍ഹിയില്‍നിന്ന് കര്‍ണാടകയിലെത്തിയത്. തുടര്‍ന്ന് ചില ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. സംസ്ഥാനത്ത്  ഇന്ന് ഏഴുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ പത്തുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെയാണിത്. ഈ കുഞ്ഞുമായി ബന്ധുക്കള്‍ കേരളത്തിലെത്തിയിരുന്നുവെന്ന് പറയുന്നു.

ഇതോടെ കര്‍ണാടകയില്‍ കൊറോണ ബാധിതരുടെ എണ്ണം 62 ആയി. അഞ്ചുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയില്‍നിന്നായിരുന്നു.

 

Latest News