Sorry, you need to enable JavaScript to visit this website.
Wednesday , May   27, 2020
Wednesday , May   27, 2020

കൊറോണയും പ്രവാസികളും

ലോകത്തെ ഭീതിയിലാഴ്ത്തുന്ന കൊറോണയെ സംബന്ധിച്ച് പ്രവാസികളിൽനിന്ന് നിരവധി സംശയങ്ങളാണ് വരുന്നത്. ഒന്നിലധികം ആളുകൾ കൂട്ടായി താമസിക്കുകയും എല്ലാവർക്കും മുറിയിൽ അടച്ചിരിക്കാനും പറ്റാത്തതും കൊറോണ തങ്ങളെയും ആക്രമിക്കുമോ എന്ന ഭീതിയുമാണ് ഈ സംശയങ്ങളുടെയെല്ലാം ആധാരം. 
എങ്ങനെയാണ് കൊറോണ പകരുന്നത് എന്നത് സംബന്ധിച്ച് ആദ്യം പറയാം. ഡ്രോപ്‌ലെറ് ഇൻഫെക്ഷൻ ആണ് പ്രധാന കാരണം. അതായത് ഈ രോഗം പിടിപെട്ട ആൾ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ  സംസാരിക്കുമ്പോഴോയൊക്കെ  പുറത്തേക്ക് വരുന്ന ചെറിയ കണങ്ങൾ അടുത്തുള്ളയാളിലേക്ക് തെറിക്കും. തുപ്പൽ വഴിയും ഇതുണ്ടാകാം. നമ്മുടെ നഗ്‌ന നേത്രം കൊണ്ട് ഇവയെ കാണാനാകില്ല. ആ കണങ്ങളിൽ വൈറസ് ഒട്ടിപ്പിടിക്കുകയും  ഈ വൈറസ് അടങ്ങിയ ചെറിയ കണങ്ങൾ മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. ഈ ചെറിയ കണങ്ങളെ എയറോസോൾ എന്നും പറയും. ഇവയുടെ പ്രത്യേകത  ഇവക്ക് ഭാരമുണ്ടായിരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിൽ കുറെ നേരം തങ്ങി നിൽക്കാനുള്ള ശേഷി ഇവക്കില്ല. രോഗി പെരുമാറുന്ന ഒരു മീറ്റർ ചുറ്റളവിൽ  അതിങ്ങനെ തെറിച്ചു വീഴും. അത് അടുത്തുള്ള പ്രതലങ്ങളിലൊക്കെ പറ്റിപ്പിടിച്ചിരിക്കും. ഒരു മീറ്റർ പരിധിയിൽ രോഗിയുമായി അടുത്തിടപഴകുമ്പോഴോ  അല്ലെങ്കിൽ ഈ പ്രതലങ്ങളിൽ  പിടിക്കുമ്പോഴോ  പിന്നീട് സോപ്പൊന്നും ഉപയോഗിക്കാതെ കൈ കഴുകാതെ  കൈ കണ്ണിലും മൂക്കിലും വായിലുമൊക്കെ തൊടുമ്പോഴോ ആണ് ഈ രോഗം മറ്റൊരാളിലേക്ക് എത്തുന്നത്. 

രോഗം സംശയിക്കുന്നുണ്ടെങ്കിൽ അയാൾ തീർച്ചയായും ഒറ്റക്കൊരു മുറിയിൽ താമസിക്കേണ്ടതാണ്. പ്രത്യേകം ബാത്ത് റൂമും ഉപയോഗിക്കണം. അല്ലെങ്കിൽ രോഗം പ്രതിരോധിക്കാനാകില്ല. രോഗി നടക്കുമ്പോഴൊക്കെ വൈറസ് അങ്ങോട്ടും ഇങ്ങോട്ടും ഒരു മീറ്റർ ചുറ്റളവിൽ പടരാൻ സാധ്യതയുണ്ട്.
ഐസൊലേഷനിൽ കഴിയുന്ന വ്യക്തിക്ക്  ഒരു പാത്രവും ഗ്ലാസും നിർബന്ധമാണ്. കാരണം ഉമിനീരിലടക്കം ഈ വൈറസുണ്ടാകും.  കരുതൽ ഏത് സമയത്തും പ്രധാനമാണ്. 
അസുഖമുണ്ടെന്നു സംശയിക്കുന്ന ആൾ സ്വയം ഐസൊലേഷന് വിധേയനാവുന്നെങ്കിൽ  മറ്റുള്ളവരുമായിട്ടുള്ള സമ്പർക്കവും അടുത്തിടപഴകുന്നതും പൂർണമായും ഒഴിവാക്കണം. അത് നിർബന്ധമാണ്. വീട്ടിൽ മുഴുവൻ ഓടിനടക്കുന്നത് ഒരിക്കലും ഹോം ക്വാറന്റൈൻ അല്ല. അസുഖ ബാധിതനായ രോഗിയുടെ തുണിത്തരങ്ങളിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പകരാം. ആ ചെറുകണങ്ങൾ ഇയാളുടെ വസ്ത്രത്തിലും പറ്റിപ്പിടിച്ചിരിക്കാം. അത് തൊടുന്നയാൾ മുഖത്തും കൈയിലുമൊക്കെ സ്പർശിച്ചാൽ രോഗസാധ്യതയുണ്ടാകും. ഈ വൈറസിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത്, ഇതിന് സോപ്പിനെ പേടിയാണ് എന്നതാണ്. അസുഖം ബാധിച്ചയാൾ തന്റെ വസ്ത്രങ്ങളെല്ലാം സ്വന്തമായി സോപ്പിട്ട് കഴുകി വൃത്തിയാക്കിയാൽ തന്നെ വൈറസിനെ പമ്പ കടത്താം. 

കൊറോണയെ ഇത്രയധികം ഭയപ്പെടേണ്ടതുണ്ടോ എന്ന ചോദ്യവുമുണ്ട്. ലോകത്ത് ഒട്ടനവധി പേർക്ക് കൊറോണ ബാധിക്കുന്നുണ്ട്. പ്രമുഖരും അല്ലാത്തവരുമായ നിരവധി പേർക്ക്. പക്ഷേ നമുക്ക് കണക്കെടുത്ത് പരിശോധിച്ചാൽ അറിയാം, മരണ നിരക്ക് മൂന്നു മുതൽ പരമാവധി ഏഴ് ശതമാനം വരെയൊക്കെയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും നാലോ അഞ്ചോ ശതമാനമൊക്കെയേ മരണനിരക്ക് വരുന്നുള്ളൂ. നൂറു പേർക്ക് ബാധിക്കുകയാണെങ്കിൽ മൂന്നു മുതൽ അഞ്ചു ശതമാനം പേരാണ്  മരണപ്പെടുന്നത്. കൊറോണ ബാധിക്കുന്ന 80 ശതമാനം പേരിലും സാധാരണ ചുമ, പനി പോലുള്ള ബുദ്ധിമുട്ടുകളേ ഉണ്ടാക്കുന്നുള്ളൂ. 20 ശതമാനം പേരിലാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. ആ 20 ശതമാനത്തിൽ തന്നെ ഒന്നു മുതൽ മൂന്നു ശതമാനം പേരിൽ വരെ മാത്രമാണ് ഇത് ഐ.സി.യു  പോലുള്ള  സംവിധാനം ആവശ്യമായി വരുന്നതും. ആരോഗ്യമുള്ള ആളുകൾക്ക് കൊറോണ വന്നുകഴിഞ്ഞാൽ പേടിക്കേണ്ട കാര്യമില്ല. സ്വന്തം ശരീരത്തിന് തന്നെ കൊറോണയെ മാറ്റിയെടുക്കാനുള്ള രോഗപ്രതിരോധ ശേഷി ആരോഗ്യവാനായ ഒരു വ്യക്തിക്കുണ്ട്. പക്ഷേ, പരമാവധി ശ്രദ്ധിക്കണം എന്നു മാത്രം. ഈ 80 ശതമാനം കഴിഞ്ഞ് ബാക്കിയുള്ള 20 ശതമാനം ആളുകൾക്ക് മാത്രമാണ് ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആവശ്യം. അതുകൊണ്ട് കൊറോണ വരുമെന്നുള്ള അനാവശ്യ ഭീതി ഒഴിവാക്കി ഇതിനെ എങ്ങനെ ശാസ്ത്രീയമായി പ്രതിരോധിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങുമ്പോൾ കൊറോണ വരുമോ എന്നു ഭയക്കേണ്ട കാര്യമില്ല. മുറിയിൽ മറ്റൊരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അയാളെ മാനസികമായി തളർത്താതിരിക്കാനും ശ്രദ്ധിക്കുക. ശാസ്ത്രീയമായ കാര്യങ്ങൾ മനസ്സിലാക്കി  പ്രാവർത്തികമാക്കാൻ ശ്രമിച്ച് ഇതിനെ പ്രതിരോധിക്കാനാണ് മുൻതൂക്കം കൊടുക്കേണ്ടത്. 
ആരോഗ്യവാനായ ഒരു വ്യക്തിക്ക് രോഗം വന്നാലും അപകടത്തിലേക്ക് മാറാനുളള സാധ്യത കുറവാണ്. അതേസമയം, അയാൾക്ക് മറ്റൊരാൾക്ക് രോഗം പടർത്താതിരിക്കാനുള്ള ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അയാളിൽനിന്ന് രണ്ടോ മൂന്നോ അവരിൽനിന്ന് ഒട്ടനവധി പേർക്ക് രോഗം പടരുന്ന സ്ഥിതി വിശേഷമുണ്ടാകും. രോഗം വരാതെയും പടർത്താതെയും നോക്കോണ്ടത് അവനവനോട് മാത്രമല്ല, സമൂഹത്തോട് കൂടി ചെയ്യേണ്ട ബാധ്യതയാണ്.

Latest News