Sorry, you need to enable JavaScript to visit this website.
Friday , May   29, 2020
Friday , May   29, 2020

ഇനിയും നേരം വെളുക്കാത്ത ചിലർ

'കൊറോണ  ആധിയാണെങ്കിലും മറ്റെന്തെല്ലാമോ തിരികെ കൊണ്ടു തരുന്നു. നമ്മുടെ ആ പഴയ കാലം.
പത്ത് നാൽപത് കൊല്ലം പിന്നോട്ട് പോയ പോലെ. എല്ലാത്തിനും സമയമുണ്ട്. കുട്ടിക്കാലത്തേക്ക് തിരിച്ചുനടക്കുകയാണെന്ന് തോന്നും ചില സന്ദർഭങ്ങളിൽ.  തിരക്കില്ല, ബേജാറില്ല, വീട്ടുകാരെയൊക്കെ കാണാൻ നേരമുണ്ട്. ഹൈസ്‌കൂൾ സതീർത്ഥ്യരുടെ ഗ്രൂപ്പിൽ സഹപാഠി കുറിച്ചിട്ടു. ''നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മറന്നുകൊണ്ടല്ല എന്തോ എനിക്കിങ്ങനെയൊക്കെ തോന്നുന്നു'' -അവൾ തുടർന്നു. 

കൊറോണ ഭീതി ലോകത്ത് വൈവിധ്യമാർന്ന സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. മിനിമം ഒരു പതിനഞ്ച്  വാട്‌സാപ്  ഗ്രൂപ്പിലെങ്കിലും ഒരു ശരാശരി പ്രവാസി അംഗമായിരിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവരുടെ ഗ്രൂപ്പുകളുടെ  കാര്യം    പറയേണ്ടതില്ലല്ലോ. അതിലൊക്കെ നടക്കുന്ന ചർച്ചകളും കൈമാറ്റം ചെയ്യപ്പെടുന്ന കാര്യങ്ങളും ശ്രദ്ധിച്ചാൽ ബോധ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി  ഇടയ്ക്കിടെ പറയാറുള്ള പോലെ ചിലർക്കൊന്നുമിപ്പോഴും നേരം വെളുത്തിട്ടില്ല എന്നത് തന്നെയാണത്.
  
ഇതെഴുതുമ്പോൾ കോളേജ് ഗ്രൂപ്പിൽ നടക്കുന്ന ചർച്ച വീട്ടിൽ കിട്ടിയ ഒഴിവ് നേരത്തെ എങ്ങനെ വിനിയോഗിക്കാമെന്നതിനെ കുറിച്ചാണ്. സൗജന്യമായ നിരവധി ഓൺലൈൻ കോഴ്‌സുകളും ഡിസ്‌കൗണ്ട് റേറ്റിൽ വിവിധ സ്‌കിൽസ്  പഠിക്കാൻ സൗകര്യമൊരുക്കുന്ന ഫ്യൂച്ചർ ലേൺ, ട്യൂബ് സ്റ്റഡി, യൂഡമി തുടങ്ങിയ  സൈറ്റുകളും  ആപ്പുകളുമൊക്കെ അവിടെ ചർച്ചയാവുന്നു.  മറ്റൊരിരിടത്ത് മേപ്പയൂർ ടൗണിൽ  കണ്ട വിചിത്ര ജീവിയെ കുറിച്ചാണ് ആധി.
യൂനിവേഴ്‌സിറ്റി സതീർത്ഥ്യരുടെ ഗ്രൂപ്പിലാവട്ടെ ധൈഷണികമായ ഉന്നത നിലവാരത്തിലുള്ള ചർച്ചകളും ഗവേഷണ ഫലങ്ങളും മുന്നേറിക്കൊണ്ടിരിക്കുന്നു.   പ്രപഞ്ചോൽപത്തിയും  മനുഷ്യനും ദൈവവും പ്രകൃതി പ്രതിഭാസങ്ങളും മതങ്ങളുമല്ലാം വിഷയീഭവിക്കുന്നു.

വിദ്യാർത്ഥികളുടെ ഗ്രൂപ്പിലാവട്ടെ, തെറ്റായ അടിക്കുറിപ്പുകളോടെ കോവിഡിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ,  വ്യാജ സന്ദേശങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പോസ്റ്റാണ് ഒടുവിലെത്തിയത്. പുസ്തകങ്ങൾ, കഥകൾ, കവിതകൾ, കണ്ണീരും പുഞ്ചിരിയും പൊട്ടിക്കരച്ചിലുകളും 
പൊട്ടിച്ചിരികളും ഒക്കെ കൈമാറുന്നു.
പരസ്പരം കാണാനും ഒത്തിരിക്കാനും ഏറെ അവസരം കിട്ടാത്ത കുടുംബക്കാർ, ഒരേ ഫ്‌ളാറ്റിൽ വിവിധ റൂമുകളിൽ താമസിക്കുന്നവരെല്ലാം വൃത്തിയും വെടിപ്പുമായി സൗഹൃദത്തിന്റെ പുതിയ വെളിച്ചത്തിൽ ചെറു ജീവിത സുഖ ഭീതികൾ പങ്കു വെക്കുന്നു. 

ഒഴിവുനേരങ്ങളിൽ, കുട്ടികളും കൗമാരക്കാരും ക്രിയാത്മകമായ സർഗ രചനകളിൽ മുന്നേറുന്നത് സന്തോഷം പകരുന്നു. ഗൗരവതരമായ ചർച്ചകളിൽ  അവർ പങ്കാളികളാവുന്നത് ശ്രദ്ധേയമാണ്. വിവിധ മതങ്ങളിലെ ദൈവ സങ്കൽപവും മരണവും മരണാനന്തര ജീവിതവും സജീവമായ ചർച്ചയാക്കുന്നുണ്ടവർ. 
ദൈവ നിഷേധികളുടെ വാദങ്ങൾ, അവരുടെ വാദങ്ങളിലെ കാമ്പും കാതലും മരണത്തിനു മുന്നിൽ തരിപ്പണമാവുന്നത് അവർ തിരിച്ചറിയുന്നു. 

ദൈവ വിശ്വാസികളെന്ന് പറയപ്പെടുന്നവരിലെ അന്ധവിശ്വാസങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം വിവേകികൾ പ്രത്യേകിച്ച്  ഇളം തലമുറ ഗൗരവമായി വിമർശനാത്മകമായി പഠിച്ചു തുടങ്ങിയിട്ടുണ്ട്. അവരിപ്പോൾ പ്ലേ സ്‌റ്റോറിൽ നിന്നും വിശുദ്ധ ഗ്രന്ഥങ്ങളുടെ ആപ്പുകൾ കൂടി ഡൗൺലോഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്. 
വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചും പഠിച്ചും പൂർവകാല അനുഭവങ്ങളെ അന്വേഷിച്ച് മനസ്സിലാക്കിയും ഇത്തരം ഘട്ടങ്ങളെ  മുൻതലമുറക്കാർ എങ്ങനെ അതിജീവിച്ചെന്നും പ്രവാചകരും  ഗുരുക്കളൂം പകർന്നു തന്ന  പാഠങ്ങൾ ഉൾക്കൊണ്ടും പരമാവധി പാലിച്ചും തിരിച്ചറിവുള്ള  മത വിശ്വാസികൾ ക്ഷമാപൂർവം സേവന കർമരംഗങ്ങളിൽ വ്യാപൃതരാവുന്നു. ദൈവത്തിൽ ഭരമേൽപിച്ച് ശാസ്ത്രീയമായ ഗവേഷണ പരീക്ഷണങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സധൈര്യം  വിവിധ മേഖലകളിൽ  അവർ കർമനിരതാരായിക്കൊണ്ടിരിക്കുന്നു.

ദശലക്ഷക്കണക്കിന് മനുഷ്യരെ വകവരുത്തിയ ഇത്തരം മഹാമാരികളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്.  ഇത്തരം ഘട്ടങ്ങളിൽ  ഭരണ മികവിലും ആരോഗ്യ ജീവകാരുണ്യ മേഖലയിലുമെല്ലാം നിസ്വാർത്ഥരായ പുതിയ ഹീറോകൾ പിറക്കും. അവർ ലോകരാൽ എക്കാലത്തും സ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും. 

പുസ്തകങ്ങളിൽ വായിച്ച കർഫ്യൂ, ടി.വി ന്യൂസുകളിലും സിനിമകളിൽ മാത്രം കണ്ട പല ഭീകര രംഗങ്ങൾ, കൺമുന്നിൽ സംഭവിക്കാനിരിക്കുന്നു. ഉറ്റവരുടെ ശവസംസ്‌കാരത്തിൽ പോലും പങ്കെടുക്കാനാവാത്ത തരത്തിൽ ലോക് ഡൗൺ ആവശ്യമായി വന്നിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും നെട്ടോട്ടം നിർത്തി പകച്ചു നിൽക്കുന്നു. അതിസൂക്ഷ്മമായ ഒരണുവിന്റെ മുന്നിൽ ലോകം അനുസരണം പഠിച്ചു തുടങ്ങിയിരിക്കുന്നു. കുത്തഴിഞ്ഞ ജീവിതവും ധൂർത്തും ദുരയും പരക്കംപാച്ചിലും തൽക്കാലത്തേക്കെങ്കിലും മനുഷ്യ ലോകത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  

കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് വൻകിട രാഷ്ട്രങ്ങൾ കൈമലർത്തുന്നു. ധാർഷ്ട്യം നിറഞ്ഞു മനുഷ്യത്വം കടുത്തു പോയ നീതിബോധം തൊട്ടു തീണ്ടാത്ത മർദക  ഭരണാധികാരികളും ഏകാധിപതികളും  മനുഷ്യ കാരുണ്യത്തിനായി കേഴുന്നു.  തങ്ങൾക്കതീതമായ, തങ്ങളെ കൂടി ഭരിക്കുന്ന ഒരു സർവാധിപതിയെ അവരിൽ ചിലർ  തിരിച്ചറിയാൻ  തുടങ്ങിയിരിക്കുന്നു. വിശുദ്ധ വേദഗ്രന്ഥത്തിലെ എൺപത്തൊൻപതാം അധ്യായത്തിന്റെ പൊരുൾ കൂടുതൽ വെളിപ്പെടുന്ന പോലെ, ചിലർക്കെന്നിട്ടും നേരം വെളുത്തിട്ടില്ല.

Latest News