കൊല്ലം- ക്വാറന്റീൻ ലംഘിച്ച് യു.പിയിലേക്ക് മുങ്ങിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഔദ്യോഗിക വസതിയിൽ ക്വാറന്റീനിൽ നിരീക്ഷണത്തിലിരിക്കെയാണ് കൊല്ലം സബ് കലക്ടർ അനുപം മിശ്ര സ്വദേശമായ യു.പിയിലേക്ക് മുങ്ങിയത്. മധുവിധു ആഘോഷത്തിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളിൽ സന്ദർശനം നടത്തി മടങ്ങി എത്തിയ അനുപം മിശ്ര കലക്ടർ ബി. അബ്ദുൽ നാസറിന്റെ നിർദ്ദേശപ്രകാരം മാർച്ച് 19 മുതൽ ക്വാറന്റീനിലായിരുന്നു. ആരോഗ്യസ്ഥിതി അന്വേഷിക്കാനായി ഇന്നലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സബ് കലക്ടർ സ്ഥലത്ത് ഇല്ലെന്ന വിവരം ലഭിച്ചത്. എവിടെയാണ് പോയതെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു. ഇതേ തുടർന്ന് സബ് കലക്ടർക്കെതിരെ കേസെടുക്കാനും ഗൺമാനെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചത്.
ഇദ്ദേഹവുമായി കലക്ടർ ബന്ധപ്പെട്ടെങ്കിലും ബംഗളൂരുവിലാണ് എന്നായിരുന്നു മറുപടി. എന്നാൽ ഫോണിലെ ടവർ ലൊക്കോഷൻ യു.പിയിലെ കാൺപുരിലായിരുന്നു. നേരത്തെയും നിരവധി വിവാദങ്ങൾ അനുപം മിശ്രയുടെ പേരിലുണ്ടായിരുന്നു.






