ഇഖാമ, റീ എൻട്രി, ഫൈനൽ എക്‌സിറ്റ് കാലാവധി നീട്ടി നൽകും- ജവാസാത്ത്

റിയാദ്- കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമെന്നോണം സ്വകാര്യ സ്ഥാപനങ്ങൾക്ക് ധനമന്ത്രി പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ ഭാഗമായി വിദേശികളുടെ ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും ഓട്ടോമാറ്റിക് ആയി നീട്ടി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇതിനായി മറ്റു നടപടികളോ ജവാസാത്ത് ഓഫീസുകളെയോ സമീപിക്കേണ്ടതില്ല.
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ മാർച്ച് 18നും ജൂൺ 30നും ഇടയിൽ കാലാവധി അവസാനിക്കുന്നതാണെങ്കിൽ ലെവി അടക്കാതെ ഓട്ടോമാറ്റിക് ആയി മൂന്നു മാസത്തേക്ക് പുതുക്കും. ഇതിനും ജവാസാത്തിനെ സമീപിക്കുകയോ മറ്റു പുതുക്കൽ നടപടികളിലേക്കോ പ്രവേശിക്കേണ്ടതില്ല. എന്നാൽ ഈ കാലാവധിയിലുള്ള ഇഖാമകൾ ഇപ്പോൾ പുതുക്കുകയാണെങ്കിൽ ലേബർ കാർഡ് ഇഷ്യു ചെയ്യുന്നതിന് കോവിഡ് കാലത്തെ മൂന്നു മാസം ഒഴിവാക്കി നൽകിയാണ് ലെവി സംഖ്യ കാണിക്കുന്നത്. ഇഖാമ പുതുക്കുന്നതിന്റെ മുന്നോടിയായി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇ സർവീസ് വഴിയാണ് തൊഴിലുടമ ലേബർ കാർഡ് ഇഷ്യു ചെയ്യാറുള്ളത്. ഇതിൽ അടുത്ത മൂന്നു മാസം ഒഴിവാക്കി പിന്നീടുള്ള 12 മാസത്തെ ലെവിയാണ് അടക്കേണ്ടത്. ഇങ്ങനെ ഇഖാമ പുതുക്കിയാൽ അബ്ശിറിലും മുഖീമിലും എക്‌സ്പയറി തിയ്യതിയിൽ മൂന്നു മാസത്തെ വ്യത്യാസം ഇപ്പോൾ കാണില്ല. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് അതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് ജവാസാത്ത് അറിയിച്ചു.


ഫെബ്രുവരി 25നും മാർച്ച് 20നും ഇടയിൽ ഉപയോഗിക്കാത്ത സൗദിയിലുള്ളവരുടെ റീ എൻട്രി ഓട്ടോമാറ്റിക് ആയി നീട്ടി നൽകുമെന്നും ജവാസാത്ത് പറഞ്ഞു. ഇതിനും ജവാസാത്തിനെ സമീപിക്കേണ്ടതില്ല.
തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് അടിക്കുകയും ഇഖാമ മാർച്ച് 18 മുതൽ ജൂൺ 30 വരെയുള്ള സമയപരിധിയിൽ അവസാനിക്കുന്നതുമായാൽ തൊഴിലുടമക്ക് നേരത്തെയടിച്ച ഫൈനൽ എക്‌സിറ്റ് മുഖീം, അബ്ശിർ സിസ്റ്റം വഴി കാൻസൽ ചെയ്യാവുന്നതാണ്. ജൂൺ 30 വരെ അവരുടെ ഇഖാമ ഓട്ടോമാറ്റിക് ആയി നീട്ടിനൽകുന്നതിനാലാണിത്. ഗ്രേസ് പിരിയഡ് കഴിയുന്നതിന് മുമ്പ് പിന്നീട് എക്‌സിറ്റ് അടിച്ചാൽ മതി. ഇഖാമ ജൂൺ 30 നപ്പുറം കാലാവധിയുള്ളതാണെങ്കിൽ തൊഴിലുടമക്ക് ആവശ്യമെങ്കിൽ കാൻസൽ ചെയ്യാവന്നതാണ്.


അതേസമയം സൗദിയിലുള്ള റീ എൻട്രി, ഫൈനൽ എക്‌സിറ്റിലുള്ളവരോട് അത് കാൻസൽ ചെയ്യണമെന്നും കാലാവധി അവസാനിച്ചാൽ ഫൈൻ നൽകേണ്ടിവരുമെന്നും കഴിഞ്ഞ ചൊവ്വാഴ്ച ജവാസാത്ത് അറിയിച്ചിരുന്നു. അതിനിടെ ഇന്നലെയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് വന്നത്. വിദേശരാജ്യങ്ങളിലേക്ക് ഇപ്പോൾ വിമാനസർവീസുകൾ ഇല്ലെന്നും അതിർത്തികൾ അടച്ചിട്ടിരിക്കുകയാണെന്നും സർവീസ് തുടങ്ങാനാവുമ്പോൾ വിദേശത്തുള്ളവരുടെ കാലാവധി കഴിഞ്ഞ റീ എൻട്രിയെയും ഇഖാമയെയും  കുറിച്ച് അറിയിക്കുമെന്നും ജവാസാത്ത് ചോദ്യത്തിനുത്തരമായി പറഞ്ഞു.

Latest News