ന്യൂദല്‍ഹി- ജയിലുകളേക്കാള്‍ പരിതാപകരമാണ് ഇന്ത്യയിലെ വലിയൊരു ശതമാനം വീടുകളിലേയും സ്ഥലപരിമിതിയെന്ന് സര്‍ക്കാര്‍ കണ്ടെത്തല്‍. താമസ സൗകര്യങ്ങള്‍ സംബന്ധിച്ച നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്‍ കണക്കുകളും 2016-ലെ മാതൃകാ ജയില്‍ മാന്വലും താരതമ്യപ്പെടുത്തിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം വെളിപ്പെട്ടത്.
ഗ്രാമീണ മേഖലകളിലെ ഏറ്റവും ദരിദ്രരില്‍ 80 ശതമാനവും കഴിയുന്നത് 449 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതോ അതില്‍ താഴെയോ സൗകര്യമുള്ള വീടുകളിലാണ്. ഗ്രാമീണ മേഖലയിലെ വീടുകളിലെ ശരാശരി അംഗങ്ങള്‍ 4.8 ആയിരിക്കെ ഒരാള്‍ക്ക് 94 ചതുരശ്ര അടിമാത്രമാണ് ലഭിക്കുക. ഇത് ജയില്‍ മാന്വല്‍ നിര്‍ദേശിക്കുന്ന ഒരു തടവുകാരന് ലഭ്യമാക്കേണ്ട 96 ചതുരശ്ര അടി തറയിടത്തിലും താഴെയാണ്. തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ജയിലുകളില്‍ തടവുകാര്‍ക്ക് ലഭ്യമായ ഇടം ഇതിലും താഴെയാണെന്നത് മറ്റൊരു വസ്തുതയാണ്.
സമാനമായി, നഗര മേഖലകളിലെ ദരിദ്രരില്‍ 60 ശതമാനവും കഴിയുന്നത് 380 ചതുരശ്ര അടിയോ അതില്‍ താഴെയൊ സ്ഥലസൗകരുമുള്ള വീടുകളിലാണ്. ഇവിടങ്ങളില്‍ ശശാരി അംഗങ്ങളുടെ എണ്ണം 4.1 ആണ്. ഇതു പ്രകാരം ഒരാള്‍ക്ക് ലഭിക്കുക 93 ചതുരശ്ര അടി മാത്രം. ഇതും ജയില്‍ മാന്വല്‍ നിഷ്‌കര്‍ഷിക്കുന്ന തറയിടത്തിലും താഴെയാണ്.
എന്നാല്‍ തീര്‍ച്ചയായും ഇക്കൂട്ടത്തില്‍ ചില വീടുകളില്‍ അംഗങ്ങള്‍ ശരാശരിയിലും കുറവോ അല്ലെങ്കില്‍ വ്യക്തിഗത തറയിടം കൂടുതലോ ആയിരിക്കും. അതു കൊണ്ട് തന്നെ ജയിലുകളേക്കാള്‍ പരിമിതമായ ഇടങ്ങളില്‍ കഴിയുന്നവരുടെ അനുപാതം ഗ്രാമീണ മേഖലയില്‍ 80 ശതമാനവും നഗര മേഖലകളില്‍ 60 ശതമാനവുമാണെന്ന് തീര്‍ത്ത് പറയാനാവില്ല. എങ്കിലും ഭൂരിഭാഗം ജനങ്ങളും കഴിയുന്നത് ഈ സ്ഥലപരിമിതിക്കുള്ളിലാണെന്ന് ഈ കണക്കുകള്‍ വച്ച് പറയാന്‍ കഴിയും.
പ്രതീക്ഷിച്ച പോലെ തന്നെ, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങളാണ് സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്നവരില്‍ മുന്നിലുള്ളത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭ്യമായ ആളോഹരി തറയിടം 70.3 ചതുരശ്ര അടി മാത്രമാണ്. പട്ടിക വര്‍ഗക്കാര്‍ക്ക് 85.7 ചതുരശ്ര അടിയും. ഏറ്റവും ദരിദ്രരായ 20 ശതമാനത്തിന് നഗരപ്രദേശങ്ങളില്‍ ലഭ്യമായ ആളോഹരി തറയിടം 75 ചതുരശ്ര അടിയും ഗ്രാമീണ പ്രദേശങ്ങളില്‍ 78 ചതുരശ്ര അടിയും മാത്രമാണ്. അതേസമയം അതിസമ്പന്നരായ നഗരവാസികളില്‍ 20 ശതമാനത്തിന് 102 ചതുരശ്ര അടിയും ഗ്രാമീണ മേഖലകളില്‍ 135 ചതുരശ്ര അടിയും ആളോഹരി തറയിടം ലഭ്യമാണ്.
ഗ്രാമീണ മേഖലകളില്‍ ആളോഹരി തറയിടം ഏറ്റവും കുറവ് ബിഹാറിലാണ്. വെറും 66 ചതുരശ്ര അടി മാത്രം. 15 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഗ്രാമീണ ജനങ്ങള്‍ ജീവിക്കുന്നത് ജയിലുകളേക്കാള്‍ ഇടുങ്ങിയ വീടുകളിലാണ്.






