വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത് പ്രവാസിക്ക്; സമ്പർക്കം മൂന്നുപേരുമായി മാത്രം

കല്‍പറ്റ-വയനാട്ടില്‍ ആദ്യമായി കൊറോണ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 22നു ദുബായില്‍നിന്നെത്തിയ 48കാരനായ തൊണ്ടര്‍നാട് സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നു ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. രോഗിയെ ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹം മൂന്നു പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം.

മാര്‍ച്ച് 22നു രാവിലെ ഒമ്പതിനു  കരിപ്പൂരില്‍ എത്തിയ ഇദ്ദേഹം  ടാക്സിയില്‍ വീട്ടിലെത്തുകയായിരുന്നു. സമ്പര്‍ക്കത്തിലേര്‍പ്പെട്ട ടാക്സി ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവര്‍,  ബന്ധു എന്നിവരെ നിരീക്ഷണ ത്തിലാക്കി.

 23നാണ് സാംപിള്‍  ശേഖരിച്ച് പരിശോധനക്കയച്ചത്. കുടുംബാംഗങ്ങളോടു വീട്ടില്‍നിന്നു മാറാന്‍ നിര്‍ദേശം നല്‍കിയതിനുശേഷമാണ് വിമാനത്താവളത്തില്‍നിന്നു ഇദ്ദേഹം  വയനാട്ടിലേക്കു യാത്രതിരിച്ചത്. പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവര്‍ സ്രവത്തിന്റെ സാംപിള്‍ പരിശോധനയ്ക്കു ശേഖരിക്കുകയുമായിരുന്നു.  

രോഗി  വീട്ടുകാരടക്കം കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരുന്നതു ജില്ലയില്‍ കോറോണ പ്രതിരോധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു ആശ്വാസമായി. ഇദ്ദേഹം മാതൃക കാട്ടിയെന്ന അഭിപ്രായവും പൊതുവെയുണ്ട്.


കോവിഡ്-19 കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ 2926 പേരാണ് നിരീക്ഷണത്തില്‍. ഇന്ന് മാത്രം 990 പേര്‍ വീടുകളിലും കെയര്‍ സെന്ററുകളിമായി നിരീക്ഷണത്തിലായി. ജില്ലയില്‍നിന്നു ഇതിനകം 57 സാംപിളാണ് പരിശോധനയ്ക്കു അയച്ചത്.  ഇതില്‍ 43 ഫലങ്ങള്‍ നെഗറ്റീവാണ്.  ഇന്ന് 12 സാംപിള്‍  കൂടി പരിശോധനക്കയച്ചു. ഇതുള്‍പ്പെടെ  14 ഫലം ലഭിക്കാനുണ്ട്.

Latest News