Sorry, you need to enable JavaScript to visit this website.

വീട്ടിലാണോ ജോലി, ഹാക്കർമാരെ കണ്ടവരുണ്ടോ?

ലോകം കോവിഡ് ഭീതിയിലമർന്നിരിക്കെ, അവസരം മുതലെടുക്കാനും വ്യക്തികളുടെ വിവരങ്ങൾ കൈക്കലാക്കി തട്ടിപ്പുകൾ നടത്താനും ഹക്കാർമാർ രംഗത്ത്. കോവിഡ് ബാധയെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരക്കുന്നതനിടിയിൽതന്നെയാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള നിയമാനുസൃത സ്ഥാപനങ്ങളിൽനിന്നാണെന്ന പേരിൽ ആളുകൾക്ക് ഇമെയിലുകൾ അയക്കാനും തട്ടിപ്പുകൾ നടത്താനുമുള്ള ശ്രമം. 
വീട്ടിലിരുന്ന് ഇപ്പോൾ ഓഫീസ് ജോലി  ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ കമ്പനിയുടെ ആഭ്യന്തര ഡാറ്റാബേസിലേക്ക് ഹാക്കർ കയറും. ഹാക്കർ അയക്കുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് സൈബർ കുറ്റവാളികൾക്ക്  കടന്നു കയറാൻ കഴിയും. പിന്നീട് ആ ലാപ്‌ടോപ്പ് ഉപയോച്ച് നിങ്ങൾക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ ഹാക്കർക്കും ചെയ്യാൻ കഴിയും. നിങ്ങളുടെ പാസ് വേഡ് ഉപയോഗിച്ച് കമ്പനി നെറ്റ് വർക്കിൽ കടന്നുകയറാനും അത് കയ്യടക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനും ഹാക്കർമാർക്ക് സാധിക്കും. കൊറോണ വൈറസിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ വലിയതോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും അതീവശ്രദ്ധ ആവശ്യമാണെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം.  
കൊറോണ വൈറസ് വ്യാപനത്തിനെതിരെ നടപടികളും ലോക്ക് ഡൗണും മൂലം ലോകം നിശ്ചലമായിരിക്കുകയാണ്. തിരക്കേറിയ മെട്രൊപൊളിറ്റൻ നഗരങ്ങളെല്ലാം ആളൊഴിഞ്ഞ് കിടക്കുന്നു. വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും വിവിധ സർക്കാരുകൾ. 
കൊറോണക്കെതിരായ വാക്‌സിൻ കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങളും ഒരു വശത്ത് പുരോഗമിക്കുന്നു. രോഗ ബാധിതർക്ക് ആവശ്യമായ മാസ്‌കുകളും പരിശോധന കിറ്റുകളും നിർമിക്കാനുള്ള ശ്രമവും നടക്കുന്നു. ഇതിനിടയിലാണ്  സൈബർ കുറ്റവാളികൾ തങ്ങളുടെ ശ്രമങ്ങളും ഊർജിതമാക്കിയിരിക്കുന്നത്.
ഫിഷിങ് മെസേജുകളും മാൽവെയറുകളടങ്ങുന്ന ഇമെയിലുകളും ജനങ്ങളിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെയും മറ്റ് ആധികാരിക ഏജൻസികളുടെയും സ്ഥാപനങ്ങളുടേയും പേരിലുള്ള വ്യാജ ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് മാൽവെയറുകൾ അയക്കുന്നത്. ജനങ്ങളിൽനിന്ന് വിവരങ്ങൾ കൈക്കലാക്കാനും അതിൽ നിന്നും പണമുണ്ടാക്കാനുമാണ് ഹാക്കർമാരുടെ ശ്രമം. 


ലോകാരോഗ്യ സംഘടന പോലുള്ള സ്ഥാപനങ്ങളുടേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടേയും സർക്കാർ വകുപ്പുകളുടേയും വെബ്‌സൈറ്റുകളും സെർവറുകളും ഹാക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നു.  ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് നേരത്തെ തന്നെമുന്നറിയിപ്പ് നൽകിയിരുന്നു.  ഹാക്കർമാർക്ക് സമൂഹത്തിലുണ്ടാവുന്ന പുതിയ ട്രെൻഡുകൾ തിരിച്ചറിഞ്ഞാണ് പ്രവർത്തിക്കുന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സ് ഡയറക്ടർ ഹിമാൻഷു ദൂബെ പറയുന്നു.  ഇപ്പോഴത്തെ ട്രെൻഡ് കൊറോണ വൈറസായതിനാൽ അതുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകളാണ് ദിവസേന സൃഷ്ടിക്കപ്പെടുന്നത്. 
ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്ന ലക്ഷ്യത്തോടെ ഉള്ളവയും അപകടകാരികളുമുണ്ട്. അപകടകാരികളായ വെബ്‌സൈറ്റുകളുടെ മുഖ്യലക്ഷ്യം പണംതട്ടുകയാണ്. കൊറോണയെ സംബന്ധിച്ച വിവരങ്ങൾ നൽകുമെന്ന വ്യാജേന ആളുകളെ ആകർഷിക്കും. വിവിധ സർക്കാർ ഏജൻസികളുടെയും, ആധികാകരിക സംഘടനകളുടെയും വെബ്‌സൈറ്റുകളുടെ തിരിച്ചറിയാൻ പറ്റാത്ത വ്യാജൻ നിർമിച്ച് കബളിപ്പിക്കുകയും ചെയ്യും.
ഇതിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും പാസ് വേഡുകളും മറ്റും കൈക്കലാക്കുകയാണ് ലക്ഷ്യം. ഏതാനും ആഴ്ചകൾ മുമ്പ് വരെ ദിവസം 1000 ഡൊമൈനുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് 10000 ഡൊമൈനുകളായി വർധിച്ചിട്ടുണ്ടെന്ന് ദുബെ പറയുന്നു. 
ആളുകളെ കുടുക്കുന്ന മാൽവെയറുകളടങ്ങുന്ന ഇമെയിലുകളും അപകടകാരികളായ വെബ്‌സൈറ്റുകളിലേക്ക് ആളുകളെ എത്തിക്കുന്ന ഫിഷിങ് സന്ദേശങ്ങളും തന്നെയാണ് ഹാക്കർമാരുടെ മുഖ്യ ആയുധം. ബ്രൗസറിലെ വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിൽ ഒന്ന്. ബ്രൗസറുകൾ ശേഖരിച്ചുവെച്ച ഇമെയിൽ, സോഷ്യൽമീഡിയ, ബാങ്കിങ് പാസ് വേഡുകൾ കൈക്കലാക്കാൻ ഇതിലൂടെ സാധിക്കും. 
മറ്റ് സ്ഥലങ്ങളിൽ നിന്ന് കമ്പ്യൂട്ടറുകളെ  നിയന്തിക്കാനാവുന്ന ടൂളുകൾ വിന്യസിക്കുന്നവരും ഹാക്കർമാരുടെ കൂട്ടത്തിലുണ്ട്. ഇതിനായി വ്യാജ വെബ്‌പേജുകളും ഓരോ സ്ഥാപനങ്ങളുടേയും ആഭ്യന്തര ഇമെയിൽ ഐഡികൾക്ക് സമാനമായ ഇമെയിലുകളും നിർമിച്ചാണ് ഹാക്കർമാരുടെ ശ്രമങ്ങൾ.  


 

Latest News