കോവിഡ് രോഗികളെ പരിചരിക്കാന്‍ ജയ്പൂരില്‍ റോബോട്ട് പരീക്ഷണം

ജയ്പൂര്‍- കൊറോണ വൈറസ് വ്യാപനത്തില്‍ ജീവന്‍ പണയംവെച്ചാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടം. ഈ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ടിനെ പരീക്ഷിക്കുകയാണ് ജയ്പൂരിലെ ആശുപത്രി.
ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ള ജീവനക്കാരെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നീക്കം. ഇത് വിജയിച്ചാല്‍ ആശുപത്രികള്‍ നേരിടുന്ന വന്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സവായ് മാന്‍ സിംഗ് (എസ്.എം.എസ്) സര്‍ക്കാര്‍ ആശുപത്രിയിലാണ് റോബോട്ടിന്റെ പരീക്ഷണം നടത്തിയത്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്കായിരുന്നു റോബോട്ടിന്റെ സേവനം. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡി.എസ്. മീന പറഞ്ഞു.ജയ്പൂരിലെ ഒരു സംരംഭകനാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ നിര്‍മിച്ചത്.
എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെങ്കിലും വൈറസ് ബാധയെ കുറിച്ച് ജീവനക്കാര്‍ ആശങ്കയിലാണ്. ഭക്ഷണവും മരുന്നും നല്‍കാന്‍ രോഗികളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ റോബോട്ടിന്റെ സാന്നിധ്യം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

 

Latest News