ശ്രീനഗര്‍- ജമ്മു കശ്മീരില്‍ കോവിഡ് ബാധിച്ച് മരിച്ച 65 കാരന് ഇത്തരം രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ചികിത്സ ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കശ്മീരിലെ ആദ്യ കൊറോണ മരണം അന്വേഷിക്കാന്‍ ഡിവിഷണല്‍ കമ്മീഷണര്‍ ഉത്തരവിട്ടിരിക്കയാണ്.
വ്യാഴം രാവിലെയാണ് മരിച്ച 65 കാരന് കൊറോണ ബാധിച്ചിരുന്നുവെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചത്. 11 കോവിഡ് രോഗബാധിതര്‍ നിരീക്ഷണത്തിലുള്ള കശ്മീരില്‍ ആദ്യ കോവിഡ് മരണമാണിത്. ശ്രീനഗറിലെ ചെസ്റ്റ് ഡിസീസ് ഹോസ്പ്റ്റലില്‍ പ്രവേശിപ്പിച്ച രോഗിയെ നേരാംവണ്ണമല്ല കൈകാര്യം ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അന്വേഷണത്തിന് കശ്മീര്‍ വിഷണല്‍ കമ്മീഷണര്‍ ഉത്തരവിട്ടത്.
ശ്രീനഗറിലെ ഹൈദര്‍പുര സ്വദേശിയായ 65 കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞിരുന്നു. ഹൃദയാഘാതം കാരണം മരിച്ച 65 കാരന് രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം എന്നിവ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
തബ്‌ലീഗ് ജമാഅത്ത് സംഘത്തോടൊപ്പം ന്യൂദല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഇയാള്‍ യാത്ര ചെയ്തിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തബ്‌ലീഗ് പരിപാടിയില്‍ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരും പങ്കെടുത്തിരുന്നുവെന്ന് കുടുംബം അറിയിച്ചു. താഴ്‌വരയിലെ രണ്ട് പ്രധാന ആശുപത്രികളില്‍ പോയെങ്കിലും മാര്‍ച്ച് 18 വരെ ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ആശുപത്രികളിലെ രോഗികളുടെ വര്‍ധന കാരണമായിരുന്നു ഇത്.
ആശുപത്രി അധികൃതരുടെ അലംഭാവവും അനാസ്ഥയും രോഗി ബന്ധുക്കളുമായും പൊതുജനങ്ങളുമായും ഇടപെടുന്നതിന് കാരണമായി. ഇതോടെ പൊതുജനങ്ങളില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ പി.കെ.പോള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കുടുംബാംഗങ്ങളെ മൃതദേഹത്തിന് അടുത്തുപോകാന്‍ അനുവദിച്ചിട്ടില്ല. മൃതദേഹം പ്രത്യേക സുരക്ഷാ കവറിലാക്കി കൊണ്ടുപോയി സംസ്‌കരിക്കാനാണ് നിര്‍ദേശിച്ചത്. സാധാരണ ഖബറിടത്തിലെ ആറടിക്ക് പകരം എട്ടടിയില്‍ കുഴിയെടുക്കണമെന്നും നിര്‍ദേശം നല്‍കി.






