യഥാസമയം ചികിത്സ ലഭ്യമാകാത്തത് മൗലികാവകാശ ലംഘനം-ഹൈക്കോടതി

ഔറംഗാബാദ്- ആവശ്യമായ ഒരാള്‍ക്ക് യഥാസമയം സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ചികിത്സ ലഭിക്കാത്തത് പൗരാവകാശ ലംഘനമാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് നിരീക്ഷിച്ചു.
അന്തസ്സോടെയും വ്യക്തിസ്വാതന്ത്ര്യത്തോടുയം ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും പൗരന് ആരോഗ്യം വീണ്ടുടുക്കാന്‍ സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ  ബാധ്യതയാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. പൗരന്മാരുടെ നല്ല ആരോഗ്യത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്.
സംസ്ഥാനത്തെ ജില്ലാ ആരോഗ്യ ഓഫീസര്‍മാര്‍, സിവില്‍ സര്‍ജന്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് അറുപതാക്കി ഉയര്‍ത്തിയ 2015 ലെ സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി മാര്‍ച്ച് 20നു റദ്ദാക്കിയിരുന്നുവെങ്കിലും കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ സര്‍ക്കാര്‍ ആനുകൂല്യം നേടിയ മെഡിക്കല്‍ ഓഫീസര്‍മാരെ പിരിച്ചുവിടരുതെന്ന് കോടതി വ്യക്തമാക്കി.  ഇവരുടെ സേവനവും മെഡിക്കല്‍ വൈദഗ്ധ്യവും ഇപ്പോള്‍ ആവശ്യമാണ്. അതേസമയം,  വര്‍ധിപ്പിച്ച വിരമിക്കല്‍ പ്രായം ഇനി പരിഗണിക്കരുതെന്ന് ഹൈക്കോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി. വിരമിക്കല്‍ പ്രായം കൂട്ടിയത് ഡോക്ടര്‍മാരുടെ കുറവ് മൂലമാണെന്ന് സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നുവെങ്കിലും നൂറുകണക്കിന് ഒഴിവുകള്‍ നികത്താന്‍ സംസ്ഥാനം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജില്ലാ ആരോഗ്യ ഓഫീസര്‍മാര്‍, സിവില്‍ സര്‍ജന്‍മാര്‍, പ്രത്യേക കേഡര്‍ ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ 1,551 തസ്തികകളില്‍ 984 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഈ തസ്തികകളില്‍ ഉടന്‍ തന്നെ നിയമനം നടത്താന്‍   ഹൈക്കോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.
വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ച് 2015 മെയ് 30 നും 2015 സെപ്റ്റംബര്‍ മൂന്നിനും പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദ്യം ചെയ്ത് ബീഡ് ജില്ലയിലെ പൊതുജനാരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഏഴ് മെഡിക്കല്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എസ്.വി ഗംഗാപൂര്‍വാല, ജസ്റ്റിസ് അനില്‍ എസ്. കിലോര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. തങ്ങളുടെ സ്ഥാനക്കയറ്റത്തെയും ഭാവി സാധ്യതകളെയും ബാധിക്കുന്നതാണ് റിട്ടയര്‍മെന്റ് പ്രായം വര്‍ധിപ്പിച്ച നടപടിയെന്നാണ്  43 മുതല്‍ 53 വയസ്സുവരെയുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും സ്വന്തക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അവിനാശ് ദേശ്മുഖ് ആരോപിച്ചു. പുതിയ നിയമനത്തിനായി ധാരാളം ഉദ്യോഗാര്‍ഥികള്‍ കാത്തുകഴിയുകയാണെന്നും ഹരജിക്കാരെ പോലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയാല്‍  ഒഴിവുവരുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ സാധിക്കുമെന്നും  ഉത്തരവുകള്‍ ഏകപക്ഷീയവും സംസ്ഥാന സിവില്‍ സര്‍വീസ് നിയമങ്ങള്‍ പ്രകാരം നലനില്‍ക്കുന്നതല്ലെന്നും ഹരജിക്കാര്‍ വാദിച്ചു.
അതേസമയം, മെഡിക്കല്‍ ഓഫീസര്‍മാരുടെ കുറവ് മൂലമാണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചതെന്നും ആവശ്യക്കാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നുമാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡര്‍ (എജിപി) വി.എം. കാഗ്‌നെ  വാദിച്ചത്.  
അനുവദിച്ച 643 സിവില്‍ സര്‍ജന്‍ തസ്തികകളില്‍ 377 എണ്ണം ഒഴിഞ്ഞുകിടക്കുകയാണെന്നും ജില്ലാ ആരോഗ്യ ഓഫീസര്‍മാരുടെ 281 തസ്തികകളില്‍ 141 എണ്ണം ഇനിയും നികത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. അനുവദിച്ച 627 തസ്തികകളില്‍ 466 ഒഴിവുകളുണ്ടെന്ന്  എ.ജി.പി കാഗ്‌നെ പറഞ്ഞു. വേഗത്തില്‍ നിയമനത്തിനായി സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും ഇതിനായി 2016 ല്‍ ജില്ലാ കളക്ടര്‍മാരുടെ കീഴിലുള്ള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനങ്ങളിലൂടെ പൊതുജനാരോഗ്യത്തിന്റെ പരിപാലനവും മെച്ചപ്പെടുത്തലും പരമപ്രധാനമാണെന്നും ഓരോ വ്യക്തിയുടെയും ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും വാദങ്ങള്‍ കേട്ട ശേഷം ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഓരോ വര്‍ഷവും ധാരാളം മെഡിക്കല്‍ ബിരുദധാരികള്‍ പുറത്തുവരുമ്പോഴും സ്ഥാനക്കയറ്റം നല്‍കിയും പുതിയ നിയമനം നല്‍കിയും തസ്തികകള്‍ നികത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍  ഗൗരവമായി കാണുന്നില്ലെന്നും  ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും ഉത്തരവില്‍ പറഞ്ഞു.

 

Latest News