Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ആശ്വാസവുമായി കലക്ടർ;  ആക്രോശവുമായി പോലീസ് മേധാവി 

കണ്ണൂർ നഗരത്തിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നടന്ന റൂട്ട് മാർച്ച്.

കണ്ണൂർ - കോവിഡ് രോഗം വ്യാപകമായി പടരുന്നതിനിടെ പ്രതിരോധങ്ങൾക്കായി കർശന നടപടികളുമായി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര രംഗത്ത്. അതേസമയം, ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് ആശ്വാസ വാക്കുകളുമായി കലക്ടർ ടി.വി.സുഭാഷും കർമ രംഗത്തിറങ്ങി. നിങ്ങളാണ് യഥാർഥ ഹീറോ, ഈ ഘട്ടത്തിൽ നിങ്ങൾ നൽകുന്ന പിന്തുണയെ വളരെ വിലമതിക്കുന്നു എന്നാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴായിരത്തിലേറെ പേർക്ക് കലക്ടർ മൊബൈലിലൂടെ സന്ദേശമയച്ചത്. 


ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കണ്ണൂരിലും മറ്റ് സബ് ഡിവിഷനുകളിലും പോലീസ് റൂട്ട് മാർച്ച് നടത്തി. പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ അടച്ചിടൽ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കണ്ണൂരിൽ കർശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. 96 പേരെ അറസ്റ്റ് ചെയ്തു. 35 വാഹനങ്ങൾ പിടിച്ചെടുത്തു. 94 കേസുകൾ രജിസ്റ്റർ ചെയ്തു. 
രാജ്യം സമ്പൂർണ അടച്ചിടൽ പ്രഖ്യാപനം നടത്തിയിട്ടും നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങിയവർക്കെതിരെയാണ് കർശന നടപടിയെടുത്തത്. അവശ്യ സർവീസുകളുടെ പേരിലാണ് പലരും വാഹനവുമെടുത്ത് കിലോമീറ്ററുകൾ യാത്ര ചെയത് നഗരത്തിലെത്തിയത്. കൃത്യമായ യാത്രാ ഉദ്ദേശ്യം അറിയിക്കാൻ കഴിയാത്തവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു. നഗരത്തിലെത്തുന്നവർക്കായി പോലീസ് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കിയിരുന്നു. വാഹനങ്ങളിൽ എത്തുന്നവരിൽ നിന്നും സത്യവാങ്മൂലവും വാങ്ങി. പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസങ്ങൾക്കു ശേഷമേ വിട്ടുകൊടുക്കൂ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തു.


ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണ് നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയത്. തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി സബ്ഡിവിഷനുകൾക്കു കീഴിൽ ഡിവൈ.എസ്.പിമാരുടെ നേതൃത്തിലായിരുന്നു റൂട്ട് മാർച്ച്. നിർദേശങ്ങൾ മറികടന്ന് എത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് എസ്.പി ആവർത്തിച്ചു.
അതിനിടെ, പയ്യന്നൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി, മട്ടന്നൂർ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് വീട്ടിനകത്ത് തന്നെയാണ് കഴിയുന്നത്. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന്ന് മാത്രമാണ് പലരും പുറത്തിറങ്ങുന്നത്. പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വൻ വർധനവാണുള്ളത്. പല സാധനങ്ങളും കിട്ടാനുമില്ല. എല്ലാ പ്രദേശങ്ങളിലും പോലീസ് സാന്നിധ്യമുണ്ട്. അനധികൃതമായി തുറന്ന കടകൾ അടപ്പിക്കുകയും ഇവർക്കെതിരെ കേസെടുക്കുകയുമാണ് ചെയ്യുന്നത്.


നിങ്ങളാണ് യഥാർഥ ഹീറോ എന്നാണ് ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് കലക്ടർ എസ്.എം.എസ് അയച്ചത്. കൊറോണ ബാധയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് സാന്ത്വനവും പിന്തുണയുമായാണ് ജില്ലാ കലക്ടർ ടി.വി.സുഭാഷിന്റെ മൊബൈൽ എസ്.എം.എസ്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴായിരത്തിലേറെ പേർക്കാണ് കലക്ടർ മൊബൈലിലൂടെ സന്ദേശമയച്ചത്.
രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തിൽ നിങ്ങൾ നൽകുന്ന പിന്തുണയെ വിലമതിക്കുന്നതായി സന്ദേശത്തിൽ വ്യക്തമാക്കി. നിങ്ങൾക്കും കുടുംബങ്ങൾക്കുമൊപ്പം ഞാനുമുണ്ട്. ഹോം ക്വാറന്റൈൻ നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കുന്നതിലൂടെ നിങ്ങൾ പ്രകടിപ്പിക്കുന്നത് കുടുംബത്തോടും കണ്ണൂരുകാരോടുമുള്ള നിങ്ങളുടെ കരുതലാണ്. ശരിക്കും നിങ്ങളാണ് ഹീറോ. വീട്ടിനകത്ത് കഴിയൂ; സുരക്ഷിതരാവൂ എന്ന ആശംസയോടെയാണ് കലക്ടറുടെ സന്ദേശം അവസാനിക്കുന്നത്. 

 

 

Latest News