കൊച്ചി- മത്സ്യബന്ധനമേഖലക്ക് കോവിഡ് നിയന്ത്രണം കടുത്ത ആഘാതമായി. 31 വരെ മത്സ്യബന്ധനം നിര്‍ത്തി വച്ചതോടെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്കു നീങ്ങുകയാണ്. ഹാര്‍ബറുകള്‍ അടച്ചത് അനുബന്ധ മേഖലയിലെ തൊഴിലാളികളെയും തൊഴില്‍ രഹിതരാക്കി.
50 ഇന്‍ബോര്‍ഡ് വളളങ്ങള്‍ കഴിഞ്ഞ ജനുവരി മുതല്‍ മത്സ്യബന്ധനം നിര്‍ത്തി. 80 പഴ്‌സീന്‍ ബോട്ടുകള്‍ കടലില്‍ ഇറങ്ങിയിട്ട്് 3 മാസമായി. സംസ്ഥാനത്തെ 3800 ട്രോള്‍ ബോട്ടുകള്‍ പിടിക്കുന്ന ചെമ്മീനിന് അമേരിക്ക വിലക്ക് കല്‍പിച്ചതോടെ ബോട്ടുകള്‍ പ്രതിസന്ധിയിലായി. കോവിഡ് പശ്ചാത്തലത്തില്‍ ചൈന ഞണ്ട് നിരോധിച്ചു.
കിലോഗ്രാമിന് 1300 മുതല്‍ 1800 രൂപ വരെ വിലയുണ്ടായിരുന്നത് 500 മുതല്‍ 800 രൂപവരെയായി കുറഞ്ഞു. 150 രൂപയുണ്ടായിരുന്ന യെല്ലോ ഫിന്‍ ട്യൂണ 100 രൂപയായി. നെയ്മീന്‍ 1000 രൂപയില്‍ നിന്നു 500 രൂപയിലേക്കു താഴ്ന്നു. വരിച്ചൂര 110 രൂപയില്‍നിന്നു 70 രൂപയായി. മോതയുടെ വില 500 ല്‍നിന്ന് 250 രൂപയായി. 50 റീഫര്‍ കണ്ടെയ്‌നറുകളില്‍ സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ 3 റീഫറുകള്‍ മാത്രമാണ് ദിവസേന കയറ്റുമതി ചെയ്യുന്നത്.പ്രളയ കാലത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഉയരുകയാണ്.