Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് രോഗികള്‍ കൂടുന്നു

ദുബായ് - ഇരുപത്തിനാലു മണിക്കൂറിനിടെ ഗള്‍ഫ് രാജ്യങ്ങളിലും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്നലെ യു.എ.ഇയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചത്.

യു.എ.ഇയില്‍ ഇന്നലെ 85 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസം രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. ഇതോടെ യു.എ.ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 333 ആയി. 2020 ദുബായ് എക്‌സ്‌പോ സംഘാടകരില്‍ ഒരാളും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. ദുബായ് 2020 എക്‌സ്‌പോ എക്‌സിബിഷന്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് കൊറോണ ബാധിച്ചത്.

ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 13 പേര്‍ രോഗവിമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 190 ആയി. ബഹ്‌റൈനില്‍ പുതുതായി 27 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ബഹ്‌റൈനില്‍ ഇതുവരെ ആകെ 419 പേര്‍ക്കാണ് കൊറോണ പിടിപെട്ടത്. കുവൈത്തില്‍ പുതുതായി നാലു പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ രോഗബാധിതരുടെ എണ്ണം 195 ആയി.

ഒമാനില്‍ 15 പേര്‍ക്കും പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഒമാനില്‍ ആകെ 99 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഖത്തറില്‍ 526 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ ആഗോള തലത്തില്‍ ആകെ 4,40,321 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 19,752 പേര്‍ മരണപ്പെട്ടു. 1,12,015 പേര്‍ രോഗവിമുക്തി നേടി.

 

Latest News