ചെക്‌പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം: പച്ചക്കറികള്‍ക്കും കോഴിയിറച്ചിക്കും വില കൂടുന്നു

മാനന്തവാടി- കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വയനാട്ടില്‍ പച്ചക്കറികള്‍ക്കു വില കൂടുന്നു. കോഴിയിറച്ചിവിലയും ഉയരുകയാണ്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നാണ് ജില്ലയിലേക്കു പച്ചക്കറികളും കോഴിയും പ്രധാനമായും എത്തുന്നത്.
ഒരാഴ്ച മുമ്പ്  കിലോഗ്രാമിനു 16 രൂപയ്ക്കു ലഭിച്ചിരുന്ന പച്ചമുളകിന് 50 രൂപയായി. തക്കാളിവില 24 രൂപയില്‍നിന്നു 30 രൂപയായും സവോള വില 22 രൂപയില്‍നിന്നു 30 രൂപയായും വര്‍ധിച്ചു.
നേരത്തെ നിരവധി വാഹനങ്ങള്‍ ജില്ലയില്‍നിന്നു കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും  ചന്തകളിലെത്തി  പച്ചക്കറികളെടുത്ത്  കടകളിലെത്തിച്ചിരുന്നു. നിയന്ത്രണം വന്നതോടെ  ആര്‍.ടി.ഒയും ഡി.എം.ഒയും നല്‍കുന്ന പാസ് ഉള്ള ചരക്കുവാഹനങ്ങള്‍ക്കു മാത്രമാണ് ജില്ലാ അതിര്‍ത്തി കടക്കാനാകുന്നത്.  ഏറെ നേരം കാത്തിരുന്നു ചെക്‌പോസ്റ്റ് കടന്നാല്‍ത്തന്നെ  റോഡിലൂടനീളം പരിശോധനയുണ്ട്. ഇത് പച്ചക്കറികള്‍ എടുക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നതില്‍ വാഹന ഉടമകളിലും ഡ്രൈവര്‍മാരിലും വിമുഖതയ്ക്കു കാരണമാകുകയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് ജില്ലയില്‍ വിലക്കയറ്റത്തിനു കാരണം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴി കിലോഗ്രാമിനു  കഴിഞ്ഞയാഴ്ച  70 രൂപ വരെയായിരുന്നു ജില്ലയില്‍ വില. ഇത് 150 രൂപ വരെയായി വര്‍ധിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നു  ജില്ലയിലേക്കു കോഴി വരവ് നിലച്ചു.  ജില്ലയിലെ ഫാമുകളില്‍ വളര്‍ത്തുന്ന കോഴികളാണ് മാംസ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു എത്തുന്നത്. ഫാം ഉടമകളാണ് കോഴിവില വര്‍ധിപ്പിച്ചത്. കോഴിയിറച്ചിവില കൂടുന്നതിനിടെ കോഴിമുട്ടവില  അഞ്ചു രൂപയില്‍നിന്നു 3.6 രൂപയായി കുറഞ്ഞു. ഹോട്ടലുകളും ബേക്കറികളും അടച്ചതോടെയാണ് മുട്ടവില താഴ്ന്നത്.

 

Latest News