Sorry, you need to enable JavaScript to visit this website.

ഗാഥ വീണ്ടുമെത്തുമ്പോൾ 

നൂറിൻ ഷെരീഫ്

ഒമർ ലുലുവിന്റെ അഡാർ ലൗ കണ്ടവരാരും ഗാഥയെ മറക്കില്ല. ചുരുണ്ട സ്പ്രിംഗ് പോലുള്ള മുടിയും കുസൃതിയൊളിപ്പിച്ച കണ്ണുകളുമായി റോഷനെ വശത്താക്കിയ പെൺകുട്ടി. കൊല്ലംകാരി നൂറിൻ ഷെരീഫായിരുന്നു ഗാഥയെ അവതരിപ്പിച്ചത്. 
മോഡലായും നർത്തകിയായും ഏറെക്കാലം വേദികളിൽ തിളങ്ങിയ ഈ അഭിനേത്രിക്ക് കുട്ടിക്കാലംതൊട്ടേ സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു മോഹം. ആ മോഹസാഫല്യമായിരുന്നു അഡാർ ലൗ എന്ന ചിത്രത്തിലൂടെ സാർത്ഥകമായത്. എന്നാൽ അതിനുമുമ്പുതന്നെ ഒമർ ലുലുവിന്റെതന്നെ ചങ്ക്‌സ് എന്ന ചിത്രത്തിൽ നൂറിൻ മുഖം കാണിച്ചിരുന്നു. ബാലു വർഗീസും ഹണി റോസും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിൽ നായകന്റെ അനുജത്തിയായിട്ടായിരുന്നു നൂറിന്റെ അരങ്ങേറ്റം. എങ്കിലും അഡാർ ലൗവിലൂടെയാണ് ഒരു അഭിനേത്രി എന്ന നിലയിൽ നൂറിൻ പ്രേക്ഷക ഹൃദയങ്ങളിൽ ഇടമുറപ്പിച്ചത്.


കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിൽ വേഷമിട്ടുവരികയാണിപ്പോൾ നൂറിൻ. മരടിലെ ഫഌറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ചിത്രത്തിന്റെ കാതലെങ്കിലും അവിടെ കഴിയുന്നവരുടെ ജീവിതവും ചിത്രത്തിലൂടെ ഇതൾ വിരിയുന്നുണ്ട്. കിടപ്പാടം നഷ്ടപ്പെട്ട ഒട്ടേറെ ജീവിതങ്ങൾക്കൊപ്പം രാഷ്ട്രീയക്കാരുടെയും അധികാര മേലാളന്മാരുടെയും ഭൂമാഫിയയുടെയും തനിനിറവും ഈ ചിത്രം വെളിപ്പെടുത്തുന്നു. അനൂപ് മേനോനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയാണ് നൂറിൻ.
ഇതിനിടയിൽ ടോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഈ അഭിനേത്രിക്ക് കഴിഞ്ഞു. സത്യപ്രകാശ് സംവിധാനം ചെയ്യുന്ന ഉള്ളാള ഉള്ളാള എന്ന ചിത്രത്തിൽ കരാട്ടെ നൂറി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നടരാജ് പെരിയാണ് നായകൻ. കൂടാതെ നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലും നൂറിൻ വേഷമിടുന്നുണ്ട്. തൃശൂരിലെ വെള്ളേപ്പം അങ്ങാടിയിലും അവിടത്തെ പള്ളിയിലും നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച പുള്ളൻപള്ളിയിലെ മ്യൂറൽ ചിത്രങ്ങൾ റീടച്ച് ചെയ്യാനെത്തുന്ന കാളിന എന്ന കലാകാരിയുടെ വേഷമാണ് നൂറിന്. ജോസ് മോനായി വേഷമിടുന്ന അക്ഷയ് രാധാകൃഷ്ണന്റെ നായികയായാണ് നൂറിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. കുടുംബ ബന്ധങ്ങൾക്ക് ഊന്നൽ നൽകുന്ന റൊമാന്റിക് കോമഡി ചിത്രമാണിതെന്ന് നൂറിൻ പറയുന്നു.
സിനിമാ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കൊല്ലത്തെ വീട്ടിൽനിന്നും ഫോണിലൂടെ സിനിമാവിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു നൂറിൻ.

 

അഭിനയരംഗത്തെത്തിയത്?
കുട്ടിക്കാലംതൊട്ടേ സിനിമയിൽ വേഷമിടണമെന്നായിരുന്നു മോഹം. അതിനായി നൃത്തം അഭ്യസിച്ചിരുന്നു. സിനിമാഭിനയത്തോട് തുടക്കത്തിൽ വീട്ടിൽ എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീടത് വഴിമാറുകയായിരുന്നു. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നാണ് മോഡലിംഗിലേയ്ക്ക് കടക്കുന്നത്. 2017 ൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരത്തിൽ മിസ് കേരള ഫിറ്റ്‌നസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. സിനിമയിലേയ്ക്ക് വഴിതെളിയിച്ചത് അതായിരുന്നു. ആ സമയത്തായിരുന്നു ഒമർ ലുലു സാറിന്റെ ചങ്ക്‌സിന്റെ കാസ്റ്റിംഗ് കോൾ ശ്രദ്ധയിൽപ്പെട്ടത്. ഒഡീഷൻ വഴിയായിരുന്നു ചങ്ക്‌സിലെത്തിയത്. നായകന്റെ അനുജത്തിയായി ചെറിയൊരു വേഷം.

മിസ് കേരള ഫിറ്റ്‌നസ് പട്ടം?
അതിനായി പ്രത്യേക പരിശീലനമൊന്നും നേടിയിരുന്നില്ല. ദിവസവും നൃത്തം പരിശീലിക്കും. ഇപ്പോഴും ആഴ്ചയിലൊരിക്കൽ നൃത്തം പരിശീലിക്കുന്നുണ്ട്. നാലുവർഷത്തോളം ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. സ്‌കൂൾ പഠനകാലത്ത് സ്‌പോർട്‌സിലും സജീവമായിരുന്നു. ഓട്ടവും ഹൈജമ്പുമൊക്കെയായിരുന്നു ഇഷ്ട ഇനങ്ങൾ. സ്‌കൂൾ പഠനം കഴിഞ്ഞതോടെ അതെല്ലാം ഉപേക്ഷിച്ചു.

പഠനം?
കൊല്ലം ചവറയിലെ എം.എസ്.എൻ കോളേജിൽ ഇന്റഗ്രേറ്റഡ് ബി.ബി.എ അവസാനവർഷ വിദ്യാർത്ഥിയാണ്. ഷൂട്ടിംഗ് തിരക്കിൽ കോളേജിൽ കൃത്യമായി പോകാൻ കഴിയാറില്ല. എങ്കിലും അധ്യാപകരും സുഹൃത്തുക്കളും നന്നായി സഹായിക്കാറുണ്ട്. ഒഴിവുസമയത്ത് ക്ലാസെടുത്തും നോട്ട്‌സ് പകർത്തിത്തന്നും അവർ കൂടെയുണ്ട്.

 

ജീവിതാഭിലാഷം?
കുട്ടിക്കാലത്ത് ഡോക്ടറാകുക എന്നതായിരുന്നു മോഹം. പിന്നീട് സിനിമാമോഹം കലശലായപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. സിനിമയിൽ സജീവമാകുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കഥാപാത്രമെന്തുമാകട്ടെ എല്ലാവരുടെയും മനസ്സിൽ ഇടം നേടണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന വേഷം അവതരിപ്പിക്കണം. നായികയാകണം, വലിയ വേഷം വേണം എന്നൊന്നുമില്ല. അഞ്ചു സെക്കൻഡേയുള്ളുവെങ്കിലും കഥാപാത്രം ശ്രദ്ധിക്കപ്പെടണം. കൂടാതെ മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിടണം എന്ന മോഹവുമുണ്ട്. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ നിലയുറപ്പിക്കുകയാണ് ഇനിയുള്ള ലക്ഷ്യം.

സിനിമയിലെത്തിയപ്പോൾ?
പഠനകാലത്ത് ഒട്ടേറെ ഡബ്‌സ്മാഷ് വീഡിയോകൾ അവതരിപ്പിച്ചിട്ടുണ്ട്. അന്നൊന്നും സിനിമയിലെത്താൻ ഒരു നിർവാഹവുമുണ്ടായിരുന്നില്ല. കാരണം കുടുംബത്തിൽ ആരും സിനിമയിലുണ്ടായിരുന്നില്ല. കൈപിടിച്ചുയർത്താനും ആരുമുണ്ടായിരുന്നില്ല. എങ്കിലും അഭിനയമോഹം ഉള്ളിലുണ്ടായിരുന്നു. അവിചാരിതമായാണ് നല്ലൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത്. ഇപ്പോൾ മറ്റുള്ളവരുടെയെല്ലാം അഭിനയം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

 

ചുരുണ്ട മുടിയെക്കുറിച്ച്?
കുട്ടിയായിരിക്കുമ്പോൾ ഈ മുടി എനിക്ക് ഇഷ്ടമല്ലായിരുന്നു. കൂടെയുള്ളവർ നീളമുള്ള മുടി പിന്നിയിട്ടു വരുമ്പോൾ കൊതിതോന്നും. ഞാനെത്ര പിന്നിയിട്ടാലും അധികം നീളമുണ്ടാവില്ല. ചുരുണ്ടിരിക്കും. പിന്നീട് ചുരുണ്ട മുടി ഫാഷനായി വന്നതോടെ സമാധാനമായി. പലരും ശ്രദ്ധിക്കുന്നത് മുടി കണ്ടാണ്. ആദ്യമെല്ലാം ചകിരി, ന്യൂഡിൽസ് എന്നീ കളിയാക്കലുകൾ കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ അതെല്ലാം മാറി.

കുടുംബം?
വാപ്പ ഷെരീഫ് ഏറെക്കാലം സൗദിയിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഉമ്മ റസീന. വീട്ടമ്മയാണ്. സഹോദരി നസ്രിൻ വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നു. ഉമ്മയാണ് അടുത്ത കൂട്ട്. എവിടെപ്പോകുമ്പോഴും കൂടെയുണ്ടാകും. വാപ്പ ഫ്രീയാണെങ്കിൽ ഞങ്ങളൊന്നിച്ചാണ് ലൊക്കേഷനിൽ പോകുന്നത്. ഉമ്മയുടെ സ്‌നേഹവും കരുതലുമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.

പുതിയ ചിത്രങ്ങൾ?
നവാഗതനായ ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസ് ആണ് പുതിയ ചിത്രം. റിഥം ഓഫ് ഫോർട്ട് കൊച്ചി എന്ന പേരിൽ ഫോർട്ട് കൊച്ചിയുടെ കഥയാണ് ചിത്രത്തിനാധാരം. പ്രശസ്ത കോറിയോഗ്രാഫറായ ജോബിൻ ജോർജ് ആണ് നായകൻ. കൂടാതെ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറായ മേപ്പടിയാൻ എന്ന ചിത്രത്തിലും വേഷമിടുന്നുണ്ട്. ഉണ്ണി മുകുന്ദനാണ് നായകൻ.

Latest News