സൗദിയില്‍ വെള്ളം കുടിച്ച ശേഷം കുപ്പി കാര്‍ട്ടനില്‍ തിരികെ വെച്ച വിദേശി പിടിയില്‍

റിയാദ് - വ്യാപാര സ്ഥാപനത്തില്‍ വെച്ച് മിനറല്‍ വാട്ടര്‍ കുപ്പിയില്‍നിന്ന് വെള്ളം കുടിച്ച ശേഷം മൂടി അടച്ച് കുപ്പി കാര്‍ട്ടനില്‍ തന്നെ തിരികെ വെച്ച വിദേശിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
പ്രതികളായ രണ്ടു പേരെ അറസ്റ്റ് ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു. വൈകാതെ മുഖ്യപ്രതിയായ യുവാവ് പിടിയിലായി. മുഖ്യപ്രതി  കുപ്പി കാര്‍ട്ടനില്‍ തന്നെ തിരികെ വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
വീഡിയോ ശ്രദ്ധയില്‍ പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ കുറ്റകൃത്യം നടത്തുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടുകെട്ടുന്നതിനും പ്രതികളുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള ശിക്ഷയും പ്രതികളുടെ ചെലവില്‍ പരസ്യം ചെയ്യുന്നതിനും നിയമം അനുശാസിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 

Latest News