Sorry, you need to enable JavaScript to visit this website.

കൊറോണ: നടപടി കൂടുതൽ കർക്കശമാക്കി, ഹറം അണ്ടർ ഗ്രൗണ്ടും ടെറസും അടച്ചു

റിയാദ്- കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ കർക്കശമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മൂന്ന് പ്രധാന നഗരങ്ങളിലെ കർഫ്യൂ നീട്ടിയത്. മക്ക, മദീന, റിയാദ് എന്നീ നഗരങ്ങളിൽ നിലവിലുള്ള കർഫ്യൂ സമയം ദീർഘിപ്പിക്കാനുള്ള തീരുമാനത്തിന് ഏതാനും മിനിറ്റ് മുമ്പാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയത്. നാളെ മുതൽ ഈ മൂന്ന് നഗരങ്ങളിൽ വൈകിട്ട് മൂന്നു മുതൽ രാവിലെ ആറു വരെ പുറത്തിറങ്ങാൻ അനുവാദമുണ്ടാകില്ല. പുതിയ തീരുമാനം വരുന്നത് വരെ ഈ സ്ഥിതി തുടരും. 
രാജ്യത്തെ 13 പ്രവിശ്യകൾക്കിടയിലെ താമസക്കാർ മറ്റു പ്രവിശ്യകളിലേക്ക് പോകരുത്. വൈകീട്ട് മുന്നു മണി മുതൽ റിയാദ്, മക്ക, മദീന നഗരങ്ങളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങളെ വിലക്ക് ബാധിക്കില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കർഫ്യൂ സമയത്തിൽ മാറ്റം വരുത്താനും അനുമതി നൽകിയിട്ടുണ്ട്. ഇന്നലെ കൂടുതൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത സഹചര്യത്തിലാണ് നിലപാട് കൂടുതർ കർശനമാക്കിയത്. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വിശുദ്ധ ഹറമിന്റെ ടെറസ്സും അണ്ടർ ഗ്രൗണ്ടും അടച്ചു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആണ് ടെറസ്സും അണ്ടർഗ്രൗണ്ടും അടക്കുന്നതിന് നിർദേശിച്ചത്. ആരോഗ്യ, സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ഹറംകാര്യ വകുപ്പ് കൊറോണ വ്യാപനം തടയുന്നതിന് ഹറമിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. 
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും 100 ശതമാനവും ശുദ്ധമായ വായു ഉറപ്പുവരുത്തുന്നതിന് എയർകണ്ടീഷനിംഗ്, വെന്റിലേഷൻ സംവിധാനങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള ജോലികൾ കൂടുതൽ ഊർജിതമാക്കാൻ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകിയിട്ടുണ്ട്. ഇരു ഹറമുകളിലും വൈറസുകൾ എത്താതെ നോക്കുന്നതിന് സെൻട്രലൈസ്ഡ് എയർ കണ്ടീഷനർ യൂനിറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനും ഫിൽറ്ററുകൾ മാറ്റാനും മുടങ്ങാതെ റിപ്പയർ ജോലികൾ ചെയ്യാനും ഹറംകാര്യ വകുപ്പ് മേധാവി നിർദേശിച്ചിട്ടുണ്ട്. റിട്ടേൺ ഇല്ലാതെ, പുറത്തുനിന്നുള്ള വായു ആണ് ഇരുഹറമുകളിലും എയർകണ്ടീഷൻ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഈ വായു പലതവണ ഫിൽറ്റർ ചെയ്യുന്നു. ഏറ്റവും മിനിമം ഒമ്പതു തവണ വീതം വായു ഫിൽറ്റർ ചെയ്യുന്നുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് വായു അണുവിമുക്തമാക്കുകയും ചെയ്യുന്നു. ഇതിനു ശേഷമാണ് വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കും അകത്തേക്ക് ശീതീകരിച്ച വായു പമ്പ് ചെയ്യുന്നത്. മൂന്നു ഘട്ടങ്ങളിലൂടെ കടത്തിവിട്ട് 100 ശതമാനവും ശുദ്ധമായ വായു ഹറമിനകത്തും മസ്ജിദുന്നബവിക്കകത്തും ഉറപ്പുവരുത്തുന്നുമുണ്ട്.

Latest News