യു.പിയില്‍ 33 കാരന് കോവിഡ്; സാമൂഹ്യ വ്യാപനമെന്ന് ഡോക്ടർമാർ

ലഖ്നൗ- ഉത്തർപ്രദേശിലെ പിലിഭിത്തിൽ  വിദേശ യാത്ര നടത്തുകയോ വിദേശ യാത്ര നടത്തിയവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത  33-കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്.  സാമൂഹ്യ വ്യാപനം സ്ഥിരീകരിക്കാവുന്ന കേസാണിതെന്ന് ലഖ്നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ ഡോക്ടർ സുധീർ സിങ് പറഞ്ഞു.

നേരത്തെ 37 പേരടങ്ങുന്ന സംഘത്തില്‍ മക്കയില്‍ പോയിരുന്ന 45 കാരിക്ക് പിലിഭിത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.  ഉത്തർപ്രദേശിൽ ഇതുവരെ 34 പേർക്കാണ് രോഗം കണ്ടെത്തിയത്.

ഇന്ത്യയില്‍ ഇതുവരെ കോവിഡിന്‍റെ സമൂഹ്യ വ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല. വിദേശത്തുനിന്ന് രോഗം ബാധിച്ചവരും അവരുടെ കുടുംബാംഗങ്ങളുമാണ് നിലവില്‍ രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും.ഇന്ത്യയില്‍ കോവിഡ് വൈറസ് രണ്ടാം സ്റ്റേജിലാണെന്നും പ്രാദേശികമായി മാത്രമാണ് പകരുന്നതെന്നും ഐ.സി.എം.ആർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest News