Sorry, you need to enable JavaScript to visit this website.

ജോര്‍ദാനില്‍ നിരോധനാജ്ഞ; ആടുജീവിതം ഷൂട്ടിങ് മുടങ്ങി

അമ്മാന്‍-കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്ഞ നടപ്പാക്കിയതോടെ നടന്‍ പൃഥ്വിരാജ് അടക്കമുള്ള സംഘം കുടുങ്ങി. ആടുജീവിതം എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങിനായി സംവിധായകന്‍ ബ്ലെസി അടക്കം 17 ഓളം ആളുകളാണ് ജോര്‍ദ്ദാനിലെത്തിയത്. ശനിയാഴ്ച രാവിലെ മുതലാണ് കര്‍ഫ്യു രാജ്യത്ത് നിലവില്‍വന്നത്.
ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനിലെ പ്രമുഖ നടന്‍ ഡോ. താലിബ് അല്‍ ബാദുഷി ഹോം ക്വാറന്റീനില്‍ നീരീക്ഷണത്തില്‍ കഴിയുന്നതോടെ ഷൂട്ടിങ്ങിന്റെ കാര്യം ആശങ്കയിലായിരുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇദ്ദേഹം ഹോട്ടലില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കിയുള്ള രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കവേയാണ് ജോര്‍ദാനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാന സര്‍വീസും ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ് സംഘം. ഇവര്‍ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ ദിവസം വരെ നിയന്ത്രണങ്ങള്‍ക്കിടയിലും ഷൂട്ടിങ് നടന്നിരുന്നു.
ജോര്‍ദാനില്‍ നിരോധാജ്ഞ ലംഘിച്ച 31 പേരെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. അടിയന്തരവും അനിവാര്യവുമായ സേവനങ്ങള്‍ നല്‍കുന്ന ജീവനക്കാരെമാത്രമാണ് നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കര്‍ഫ്യു ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News