കോട്ടയം- കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മൂന്ന് പേര്‍ക്ക് എതിരെ കേസെടുത്തു. വിദേശത്ത് നിന്ന് വന്ന ഇവരോട് വീട്ടില്‍ ക്വാറന്റൈനില്‍ തുടരാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ഇത് ലംഘിക്കുകയും പുറത്തിറങ്ങുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് ഐപിസി 188ാം സെക്ഷന്‍ പ്രകാരം ആറ് മാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ.
കൊറോണ വൈറസ് വ്യാപനം തടയാന്‍ വിദേശങ്ങളില്‍ നിന്ന് എത്തുന്ന അസുഖ ലക്ഷണങ്ങളില്ലാത്തവരോട് വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് നിര്‍ദേശം. അസുഖ ലക്ഷണങ്ങളുള്ളവരും രോഗം സ്ഥിരീകരിച്ചവരെയും ആശുപത്രികളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വീടുകളില്‍ ഐസൊലേഷന്‍ നിര്‍ദേശിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നത് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.ഇതേതുടര്‍ന്നാണ് നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.