കല്‍പ്പറ്റ-കൊറോണ ഭീതിയില്‍ ഓഹരി വിപണി മൂക്കുകുത്തുമ്പോള്‍ സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കനത്ത നഷ്ടം.
കഴിഞ്ഞ രണ്ടാഴ്ചയായി പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ക്ക് നിക്ഷേപത്തില്‍നിന്നു പ്രതിദിനം 2,000 മുതല്‍ 8,000 വരെ രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഒരാഴ്ചയ്ക്കിടെ ഓരോ ജീവനക്കാരനും 15,000 മുതല്‍ 25,000 വരെ രൂപയുടെ നഷ്ടം വന്നതായി പങ്കാളിത്ത ജീവനക്കാരുടെ സംഘടയായ സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്ടീവ് കേരളയുടെ ഭാരവാഹികള്‍ പറയുന്നു. കൊറോണ പ്രതിരോധത്തിനു ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാരടക്കമുള്ളവര്‍ പങ്കാളിത്ത പെന്‍ഷനില്‍നിന്നു പിടിക്കപ്പെടുന്ന വിഹിതം കൂടി നഷ്ടമാകുമെന്ന ആശങ്കയിലാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജീവനക്കാരില്‍ പലര്‍ക്കും നഷ്ടമായതു ആറും ഏഴും മാസം ഷെയര്‍ മാര്‍ക്കറ്റിലേക്ക് സര്‍ക്കാര്‍ പിടിക്കുന്നതിനു തുല്യമായ തുകയാണെന്നു സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
നിലവില്‍ 1.25 ലക്ഷത്തില്‍പരം ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാണ്. അഞ്ചും ആറും വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് നാലും അഞ്ചും ലക്ഷം രൂപയാണ് നിക്ഷേപമായുള്ളത്.
ഓഹരി വിപണിയിലെ അനിശ്ചിതത്വം ഏപ്പോള്‍ അവസാനിക്കുമെന്നു അറിയാത്ത സാഹചര്യത്തില്‍ വെറുംകൈയോടെ വിരമിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അംഗങ്ങളില്‍ പലരും.
2013 ഏപ്രില്‍ ഒന്നിന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയിലൂടെ വന്‍തുക ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന പ്രചാരണവും അക്കാലത്തുണ്ടായി. എന്നാല്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം മറിച്ചായി അനുഭവം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു ഇടതുമുന്നണി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പദ്ധതി പിന്‍വലിക്കുന്നതില്‍ ഇന്നോളം തീരുമാനമായില്ല. പുനഃപരിശോധന സമിതി രൂപീകരിച്ചെങ്കിലും കമ്മിറ്റിയുടെ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ ഇടത്-വലത് സര്‍വീസ് സംഘടനകളും മൗനത്തിലാണ്.






