ഇതര സംസ്ഥാനക്കാർ എത്താതിരിക്കാന്‍ വയനാട്ടില്‍ ജാഗ്രത

കല്‍പറ്റ-വയനാട്ടില്‍ ജില്ലാ ഭരണകൂടം കൊറോണ പ്രതിരോധന നടപടികള്‍ ഊര്‍ജിതമാക്കി. അതിര്‍ത്തികളില്‍ പരിശോധനയ്ക്കുശേഷമാണ് ചരക്കുവാഹനങ്ങളും ജില്ലയിലേക്കു കടത്തിവിടുന്നത്. തമിഴ്‌നാടും കര്‍ണാടകയുമായി ജില്ല അതിരു പങ്കിടുന്ന പ്രദേശങ്ങള്‍ക്കു പുറമേ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ അതിര്‍ത്തികളിലും പരിശോധന ശക്തമാണ്.

പോലീസ്-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്തസംഘമാണ് പരിശോധന നടത്തുന്നത്. മതിയായ രേഖകളില്ലാത്തവര്‍ക്കു ജില്ലയില്‍ പ്രവേശനം അനുവദിക്കുന്നില്ല. ജില്ലയില്‍നിന്നു കര്‍ണാടകയിലെ കുടക്, ചാമരാജ്‌നഗര്‍, തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലേക്കും തിരിച്ചുമുള്ള  പൊതുഗതാഗതം നിര്‍ത്തിവച്ചിരിക്കയാണ്.

ഇതര സംസ്ഥാനങ്ങളില്‍നിന്നു ആളുകള്‍ സമാന്തര പാതകളിലൂടെ ജില്ലയില്‍ പ്രവേശിക്കുന്നതു തടയുന്നതിലും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കബനി നദിയുടെ തീരത്തു പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളി വരെ ഭാഗങ്ങളില്‍ നീരീക്ഷണം നടത്തിവരികയാണ്. പെരിക്കല്ലൂര്‍, മരക്കടവ് എന്നിവിടങ്ങളില്‍ കടത്തും നിര്‍ത്തിവച്ചു.


ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമം അനിശ്ചിതകാലത്തേക്കു രാവിലെ 10 മുതല്‍ വൈകുന്നരം ആറു വരെയായി ക്രമീകരിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ അറിയിച്ചു.

ആധാരം എഴുത്ത് ഓഫീസുകള്‍ 31 വരെ അടച്ചിടാന്‍ ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്നു വന്നവരും കൊറോണ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരും ഉള്‍പ്പെടെ 1,142 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ആദിവാസി കോളനികളില്‍നിന്നു ഇതരസംസ്ഥാനങ്ങളില്‍ ജോലിക്കുപോയവരരുടെയും തരിച്ചുവന്നവരുടെയും കണക്കെടുപ്പ് പട്ടികവര്‍ഗ വികസന വകുപ്പും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്നു നടത്തിവരികയാണ്. ജില്ലയിലെ വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി 71 വിദേശികള്‍ താമസമുണ്ട്. ഇവര്‍ നിരീക്ഷണത്തിലല്ല.

Latest News