റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് (തിങ്കള്‍) രാത്രി മുതല്‍ 21 ദിവസത്തേക്ക് രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.
വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിക്കണം.
സുരക്ഷ, സൈനിക, മാധ്യമ, ആരോഗ്യ, തന്ത്രപ്രധാന മേഖലകളെ നിബന്ധനകള്‍ക്ക് വിധേയമായി കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ സമയത്ത് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുക സ്വദേശികളുടേയും പ്രവാസികളുടെയും ബാധ്യതയാണെന്നും മഹാമാരിയുടെ വ്യാപനത്തിന് ആരും കാരണക്കാരാകരുതെന്നും രാജവിജ്ഞാപനത്തില്‍ പറയുന്നു.






