Sorry, you need to enable JavaScript to visit this website.

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകാന്‍  കോണ്‍ഗ്രസ് വരണം- രാഹുല്‍ 

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി കണ്‍വെന്‍ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു. 

ന്യൂദല്‍ഹി- നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങള്‍ക്കുമെതിരായ പ്രതിഷേധ സമ്മേളനം കൂടിയായ പാര്‍ട്ടി പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തല്‍ക്കത്തോറെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജന്‍വേദന സമ്മേളനം രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം ഏറ്റെടുക്കുന്നതിന്റെ വ്യക്തമായ സന്ദേശം കൂടിയാണ് നല്‍കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. 

നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വയം ചോദിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാവങ്ങളോടും കര്‍ഷകരോടും കുറച്ചു നേരം സംവദിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. എന്തുകൊണ്ടാണ് ആളുകള്‍ കൂടുതലായി ഗ്രാമങ്ങളിലേക്ക് ചെല്ലുന്നതെന്ന് അവരോടു ചോദിക്കണം. 
കഴിഞ്ഞ 70 വര്‍ഷം എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് ബിജെപിയും നമ്മുടെ പ്രധാനമന്ത്രിയും ചോദിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം അതിന്റെ ഉത്തരം. രാജ്യത്തിനുവേണ്ടി നമ്മുടെ നേതാക്കള്‍ നല്‍കിയ രക്തവും കണ്ണീരും ജനത്തിന് തിരിച്ചറിയാന്‍ കഴിയും. കഴിഞ്ഞ 70 വര്‍ഷം ഞങ്ങള്‍ എന്ത് ചെയ്തു, ചെയ്തില്ലെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ ചെയ്യാത്ത എന്താണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടര വര്‍ഷമായി ബിജെപി ചെയ്തത്. എല്ലാ മേഖലയും അവര്‍ ദുര്‍ബലപ്പെടുത്തുകയാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അധിക്ഷേപിക്കപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

കണ്‍വെന്‍ഷനില്‍  എല്ലാ സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. 
രമേശ് ചെന്നിത്തല ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖരെല്ലാം ഇന്നലെത്തന്നെ  തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ഡിസിസി പുനഃസംഘടന മുതല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നില്ല. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഉമ്മന്‍ചാണ്ടി എഐസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് മാറിനില്‍ക്കുന്നത്. 

 

Tags

Latest News