അബുദാബി- പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്‌കൂളുകളില്‍ ഇ–ലേണിംഗ് ആരംഭിച്ചു. കോവിഡ് പകര്‍ച്ച തടയുന്നതിനായി ഈ മാസം എട്ടിന് അടച്ച സ്‌കൂളില്‍ രണ്ടാഴ്ചത്തെ അവധിക്കുശേഷമാണ് ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാഭ്യാസ മന്ത്രാലയം അവസരമൊരുക്കുന്നത്. ഇതോടെ ഈ സിലബസ് പിന്തുടരുന്ന വിദ്യാര്‍ഥികള്‍ മൂന്നാം പാദ പഠനത്തിന് തുടക്കം കുറിച്ചു. ഇതിനായി പ്രത്യേക ഇ–ലേണിംഗ് പാഠ്യ പദ്ധതി വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്നു. പതിവുപോലെ അധ്യാപകര്‍ അതത് ക്ലാസിലെത്തും. വിദ്യാര്‍ഥികള്‍ ഹാജര്‍ പറയുന്നത് ഓണ്‍ലൈനിലൂടെയായിരിക്കും. ലാപ്‌ടോപിലും ടാബിലും മൊബൈലിലുമായി വിദ്യാര്‍ഥികളെല്ലാം അധ്യാപകരുമായി ഇ–ശൃംഖല വഴി ബന്ധിപ്പിക്കും. പരിശീലനം സിദ്ധിച്ച 25,000 അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്ക് ഇ–ലേണിംഗിലൂടെ ക്ലാസ്സെടുക്കുന്നത്.






