ജനീവ- കോവിഡ് പ്രതിസന്ധി ഈ വര്‍ഷം ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും തൊഴിലില്ലായ്മ 1.2 ശതമാനം വര്‍ധിക്കുമെന്നും യു.എന്നിന്റെ മുന്നറിയിപ്പ്.
വൈറസ് വ്യാപനത്തെ കുറിച്ചുള്ള പരിഭ്രാന്തി സമ്പദ്ഘടനകളേയും വ്യാപാരങ്ങളേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെയാണ് യു.എന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വേസ്‌റ്റേണ്‍ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ)യുടെ മുന്നറിയിപ്പ്.
ലോകമെമ്പാടും വൈറസ് വ്യാപിച്ചുകൊണ്ടിരിക്കെ, അതിര്‍ത്തികള്‍ അടച്ചും യാത്രകള്‍ വിലക്കിയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് വിവിധ രാജ്യങ്ങള്‍ നേരിടുന്നത്. പല രാജ്യങ്ങളും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അപ്രതീക്ഷിത നടപടികള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും കോവിഡ് വൈറസ് ഏല്‍പിക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ ഇനിയും കൃത്യമായി കണക്കാക്കാനായിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു.
2008 ല്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഭിന്നമായി കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായും ബാധിക്കുകയെന്ന് ഇഎസ്സിഡബ്ല്യുഎ എക്‌സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി പറഞ്ഞു. റീട്ടെയില്‍, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ സേവന മേഖലകളെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.






