ന്യൂദല്‍ഹി- കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ ഇന്ത്യയിലുടനീളം എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുംബൈയിലെയും മറ്റിടങ്ങളിലെയും പ്രാദേശിക സര്‍വീസുകളും കൊല്‍ക്കത്തയിലെ മെട്രോ സര്‍വീസുമടക്കം എല്ലാ ട്രെയിനുകളും നിര്‍ത്തിവെക്കാനാണ് തീരുമാനമെടുത്തത്. അതേസമയം, അവശ്യ ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖല തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ചരക്ക് ട്രെയിനുകള്‍ക്ക് നിരോധം ബാധകമല്ല.
ഇന്ന് രാവിലെ ഏഴിനും രാത്രി ഒമ്പതിനുമിടയില്‍ ജനതാ കര്‍ഫ്യൂ സമയത്ത് 3,700 ദീര്‍ഘ,ഹ്രസ്വദൂര ട്രെയിനുകള്‍ റദ്ദാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷം ലോക്കല്‍, മെട്രോ ട്രെയിനുകള്‍ ഓടുമെന്നും അര്‍ധരാത്രി മുതല്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തുമെന്നും റെയില്‍വേ അറിയിച്ചു.






