ദുബായ് - യു.എ.ഇയില്‍ പത്രങ്ങളും മാസികകളും പരസ്യ ബ്രോഷറുകളും വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 24 മുതല്‍ നിലവില്‍വരും. ആരോഗ്യ, സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ച് ഉപയോക്താക്കള്‍ക്ക് നേരിട്ട് പത്രങ്ങളും മാസികകളും ബ്രോഷറുകളും വിതരണം ചെയ്യുന്നതിനെയും വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍ വഴിയുള്ള വിതരണത്തെയും വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടലുകള്‍, ക്ലിനിക്കുകള്‍, റെസ്റ്റോറന്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, സര്‍ക്കാര്‍, സ്വകാര്യ സേവന കേന്ദ്രങ്ങളിലെ വെയ്റ്റിംഗ് ഹാളുകള്‍ പോലെ ആളുകള്‍ കൂട്ടത്തോടെ കൈകാര്യം ചെയ്യുകയും പങ്കുവെക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ പത്രങ്ങളും മാസികകളും ബ്രോഷറുകളും വിതരണം ചെയ്യുന്നതാണ് വിലക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പുകള്‍ പുറത്തിറക്കുന്ന അംഗീകൃത പരസ്യ ബ്രോഷറുകളെയും വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.






