ജോർജ് വിയ ലോക ഫുട്‌ബോളർ ഓഫ് ദ ഇയറായിരുന്നു, യൂർഗൻ ക്ലിൻസ്മാൻ ലോകകപ്പ് ജർമനിക്കു കളിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്തു. അവരുടെ മക്കൾ അമേരിക്കൻ കുപ്പായത്തിൽ പുതിയ അധ്യായം രചിക്കുകയാണ്.
ജോർജ് വിയ ഒരു ക്വിസ് ചോദ്യമാണ്. ഒരിക്കൽ പോലും ലോകകപ്പ് കളിക്കാത്ത ലോക ഫുട്‌ബോളർ ഓഫ് ദ ഇയർ. വിയയുടെ കാലത്തോ ശേഷമോ ലൈബീരിയക്ക് ലോകകപ്പിന് അടുത്തെങ്ങുമെത്താനായിട്ടില്ല. ലോകകപ്പിന്റെ അന്തരീക്ഷം ആസ്വദിക്കാനാവാതെ വിയ കളിക്കളം വിട്ടു. പിന്നീട് ലൈബീരിയയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു. അവിടെയും വിയക്ക് പരാജയമായിരുന്നു. വിയയെ കീഴടക്കിയ എലൻ ജോൺസൺ സിർലീഫ് ആഫ്രിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ രാഷ്ട്രത്തലവി ആയി.
സിർലീഫ് സ്ഥാനമൊഴിയുന്നതോടെ ഒക്‌ടോബറിൽ വീണ്ടും ലൈബീരിയയിൽ നടക്കുന്ന പ്രസിഡന്റ് ഇലക്ഷനിൽ വിയ മത്സരിക്കുന്നുണ്ട്. ഒക്‌ടോബർ പത്തിന് വിയയുടെ വിധി നിർണയിക്കുമ്പോൾ മകൻ ടിം വിയ ഇന്ത്യയിലായിരിക്കും. അണ്ടർ-17 ലോകകപ്പ് കളിക്കുന്ന അമേരിക്കൻ ടീമിലെ പ്രമുഖ അംഗമാണ് ടിം. ലോകകപ്പ് കളിക്കുക എന്ന വിയയുടെ സ്വപ്‌നം യാഥാർഥ്യമായില്ലെങ്കിലും 17 തികയും മുമ്പ് മകന് ആ ഭാഗ്യം കിട്ടി.
ടിം വിയ മാത്രമല്ല അമേരിക്കൻ കുപ്പായത്തിൽ മക്കൾ മാഹാത്മ്യം തെളിയിച്ചത്. യൂർഗൻ ക്ലിൻസ്മാൻ ജർമൻ താരമെന്ന നിലയിൽ ലോകകപ്പും യൂറോ കപ്പും നേടിയിട്ടുണ്ട്. 2006 ൽ ജർമനി ലോകകപ്പ് സംഘടിപ്പിച്ചപ്പോൾ ആതിഥേയ ടീമിന്റെ പരിശീലകനായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റുകയും അവരുടെ ദേശീയ ടീമിന്റെ പരിശീലകനാവുകയും ചെയ്തു. യൂർഗന്റെ മകൻ ജോനാഥൻ ക്ലിൻസ്മാൻ ഈയിടെ തെക്കൻ കൊറിയയിൽ നടന്ന അണ്ടർ-20 ലോകകപ്പിൽ അമേരിക്കയുടെ ഗോൾകീപ്പറായിരുന്നു. യൂർഗനെ പോലെ സ്‌ട്രൈക്കറായാണ് ജോനാഥനും തുടങ്ങിയത്. കാലിഫോർണിയയിലെ സ്‌കൂളിൽ കളിക്കുമ്പോൾ പകരക്കാരനായി ഒരിക്കൽ ഗോളിയായി. അവിടെ തുടങ്ങി ഗോൾകീപ്പറുടെ കൈയുറയോട് ജോനാഥന്റെ പ്രേമം. 1.92 മീറ്റർ ഉയരമുള്ള ജോനാഥന് പറ്റിയ റോളായിരുന്നു അത്. യൂർഗൻ ജർമനിയിൽനിന്ന് അമേരിക്കയിലേക്ക് ചേക്കേറുകയും ഇംഗ്ലിഷ് സംസാര ഭാഷ ആക്കുകയും ചെയ്തപ്പോൾ ജോനാഥൻ തിരിച്ചുള്ള വഴിയിലാണ്. ജർമൻ ക്ലബ് ഹെർത്ത ബെർലിനിലാണ് ഇപ്പോൾ ജോനാഥൻ. ജർമൻ ഭാഷ സംസാരിക്കാൻ അഭ്യസിച്ചു കൊണ്ടിരിക്കുന്നു. ജർമൻ അണ്ടർ-16 ടീമിലൂടെയാണ് യൂർഗൻ ദേശീയ ടീമിലെത്തിയത്. ജൂനിയർ ടീമുകളിലൂടെ അമേരിക്കൻ സീനിയർ ടീമാണ് ജോനാഥന്റെ ലക്ഷ്യം.
1990 ലാണ് യൂർഗൻ ലോകകപ്പുയർത്തിയത്. ആ ദശകത്തിന്റെ മധ്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ജോർജ് വിയ. 1995 ൽ ഫിഫ പ്ലയർ ഓഫ് ദ ഇയറായി. പാരിസ് സെയ്ന്റ് ജർമാന്റെയും എ.സി മിലാന്റെയും ആക്രമണം നയിച്ചു. പിതാവിന്റെ പാതയിലൂടെയുള്ള ടിമ്മിന്റെ യാത്രയിലെ ആദ്യത്തെ പ്രധാന താവളമാവും ഇന്ത്യ. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ടിം അണിനിരക്കുന്ന അമേരിക്ക.
ഫുട്‌ബോളിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പിതാവാണ് മാതൃകയെന്ന് ടിം പറയുന്നു. ഞങ്ങൾ തമ്മിൽ ഊഷ്മള ബന്ധമാണ്. എങ്ങനെ നല്ല കളിക്കാരനാവണമെന്നു മാത്രമല്ല, എങ്ങനെ നല്ല മനുഷ്യനാവണമെന്നും പിതാവ് പറഞ്ഞു തരുന്നു. സ്വപ്‌നങ്ങൾക്കു പിറകെ സഞ്ചരിക്കണമെന്നും ആകാശം മാത്രമാണ് അതിർത്തിയെന്നും പ്രചോദനം നൽകുന്നു -ടിം പറഞ്ഞു. പിതാവിനെപ്പോലെ പാരിസ് സെയ്ന്റ് ജർമാന്റെ കളിക്കാരനാണ് ടിം. പി.എസ്.ജിയുടെ ട്രയൽസിൽ പങ്കെടുത്ത് അക്കാദമിയിൽ ട്രയ്‌നിയായ ടിം കഴിഞ്ഞ മാസമാണ് ക്ലബ്ബുമായി പ്രഥമ പ്രൊഫഷനൽ കരാർ ഒപ്പിട്ടത്. നെയ്മാറിനെ പോലെ കളിക്കാരുമായി പി.എസ്.ജി വലിയ സ്വപ്‌നങ്ങളിലേക്ക് കുതിക്കുമ്പോൾ അത് ഏറ്റവും സമീപത്തുനിന്ന് കാണാനുള്ള അവസരമാണ് ടിമ്മിന് ലഭിക്കുന്നത്.
'പിതാവ് കളിച്ച അതേ ടീമിൽ ഞാനും തുടങ്ങുമെന്ന് പ്രതീക്ഷിച്ചതേയല്ല. എല്ലാം യാദൃശ്ചികമായിരുന്നു. അവസരം തുറന്നു കിട്ടിയപ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അവരെന്നെ ആദരവോടും സ്‌നേഹത്തോടും ഏറ്റെടുക്കുകയും പരിരക്ഷിക്കുകയും ചെയ്തു. ഇവിടെ എല്ലാവരും കുടുംബം പോലെയാണ്. വർഷങ്ങളോളം ഈ ക്ലബ്ബിൽ തുടരണമെന്നാണ് ആഗ്രഹം' -ടിം പറഞ്ഞു.
ടിമ്മിന്റെ ചെറിയ കരിയറിലെ ആദ്യത്തെ വലിയ ടൂർണമെന്റാണ് അണ്ടർ-17 ലോകകപ്പ്. കോൺകകാഫ് മേഖലയിൽ റണ്ണേഴ്‌സ്അപ്പായാണ് അമേരിക്കൻ ടീം ഇന്ത്യൻ ബെർത്തുറപ്പിച്ചത്. ടീമിലെ എല്ലാ കളിക്കാരുടെയും ജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഇതെന്നും വലിയ കാര്യങ്ങൾ നേടിയെടുക്കാനാവുമെന്ന വിശ്വാസം തങ്ങൾക്കുണ്ടെന്നും ടിം പറയുന്നു.
ഒക്‌ടോബർ ആറിന് ഇന്ത്യക്കെതിരെ ഉദ്ഘാടന മത്സരത്തിൽ ഇറങ്ങുന്നത് അമേരിക്കയാണ്, ന്യൂദൽഹിയിൽ. രണ്ടു തവണ ചാമ്പ്യന്മാരായ ഘാനയെ അടുത്ത മത്സരത്തിൽ നേരിടും. നവി മുംബൈയിൽ കൊളംബിയയുമായാണ് അവസാന ഗ്രൂപ്പ് മത്സരം. കളി തമാശക്കല്ല തങ്ങൾ ഇന്ത്യയിലേക്കു വരുന്നതെന്നും കളിക്കാൻ തന്നെയാണെന്നും, ഭാവിയിൽ അമേരിക്കൻ ഫുട്‌ബോളിനെക്കുറിച്ച് പറയുമ്പോൾ ഈ കുട്ടികളുടെ പേരുകൾ പരാമർശിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതായും ടിം വെളിപ്പെടുത്തി.
എന്തായാലും ഒക്‌ടോബർ പത്തിന് ടിമ്മിന് വിശ്രമ ദിനമാണ്, അച്ഛന്റെ ഇലക്ഷൻ വിവരങ്ങൾ നിരീക്ഷിക്കാൻ ടിമ്മിന് പ്രയാസമുണ്ടാവില്ല. രണ്ടാം തവണ മത്സരിക്കുന്ന ജോർജ് വിയയോ, അതോ ആദ്യ ലോകകപ്പിൽ മുഖം കാണിക്കുന്ന ടിമ്മോ ആരാവും ജയിക്കുക?






