ജോര്‍ദാനില്‍ നിരോധാജ്ഞ പ്രാബല്യത്തില്‍

അമ്മാന്‍ - കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോര്‍ദാനില്‍ നിരോധാജ്ഞ നടപ്പാക്കി. രാവിലെ മുതല്‍ കര്‍ഫ്യു നിലവില്‍വന്നു. ഇക്കാര്യം അറിയിച്ച് രാജ്യമെങ്ങും വാണിംഗ് സൈറനുകള്‍ മുഴങ്ങി. നിരോധാജ്ഞ ലംഘിച്ച 31 പേരെ സുരക്ഷാ വകുപ്പുകള്‍ രാവിലെ അറസ്റ്റ് ചെയ്തു. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ പോലീസ് സ്റ്റേഷനുകളിലേക്ക് നീക്കി. അടിയന്തിരവും അനിവാര്യവുമായ സേവനങ്ങള്‍ നല്‍കുന്ന ജീവനക്കാരെ മാത്രമാണ് നിരോധാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കര്‍ഫ്യു ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്ത് നിരോധാജ്ഞ നടപ്പാക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ സഹമന്ത്രി അംജദ് അല്‍അദായില വെള്ളിയാഴ്ച അറിയിച്ചിരുന്നു. കൊറോണ വ്യാപനം തടയുന്നതിന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഗവണ്‍മെന്റിന് വിപുലമായ അധികാരം നല്‍കുന്ന നിയമം ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് ചൊവ്വാഴ്ച അംഗീകരിച്ചിരുന്നു. കൊറോണ വ്യാപനം തടയുന്നതിന് നിരോധാജ്ഞ നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമാണ് ജോര്‍ദാന്‍. ജോര്‍ദാനില്‍ ഇതുവരെ 85 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ജോര്‍ദാനിലെ ആകെ ജനസംഖ്യ ഒരു കോടിയാണ്.

 

Latest News